കേരളത്തിലെ ബി.ജെ.പിക്ക് വേണ്ടത് പുതിയ മുഖം; തിരഞ്ഞെടുപ്പ് പരാജയം പരിശോധിക്കാന്‍ മൂന്നംഗ സമിതി

Share

കേരളത്തില്‍ ബി.ജെ.പിയുടെ സമ്പൂര്‍ണ പരാജയത്തിന് പിന്നാലെ കൊടകര കുഴല്‍പണക്കേസിലും ആരോപണ വിധേയനായതോടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വലിയ പ്രതിരോധത്തിലാണ് ഇപ്പോള്‍. ഇതിനിടെ ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം കുഴപ്പണക്കേസും തിരഞ്ഞെടുപ്പ് പരാജയവും പരിശോധിക്കാന്‍ മൂന്നംഗ സമിതിയേയും നിയോഗിച്ചു.

ഇ ശ്രീധരന്‍, സിവി ആനന്ദബോസ്, ജേക്കബ് തോമസ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഇവര്‍ വിശദ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കും. അതിന് ശേഷമാകും കേരളത്തില്‍ അഴിച്ചു പണി സംബന്ധിച്ച് സമഗ്ര ഇടപെടല്‍ കേന്ദ്ര നേതൃത്വം നടത്തുക.

അമിത് ഷായില്‍ നിന്ന് അംഗത്വം സ്വീകരിച്ച വ്യക്തിയാണ് ആനന്ദബോസ്. റെഡ്ക്രോസ് കേരളയുടെ ചെയര്‍മാനാണ് അദ്ദേഹം. ആനന്ദബോസിനെയാണ് തോല്‍വിക്ക് ശേഷം കാര്യങ്ങള്‍ പഠിക്കാന്‍ നദ്ദ നിയോഗിച്ചത്.

കേരളത്തിലെ പ്രധാന നേതാക്കളുമായി ആശയ വിനിമയം നടത്തി പരാജയത്തിന്റെ കാരണങ്ങളില്‍ പ്രാഥമിക റിപ്പോര്‍ട്ട് നദ്ദയ്ക്ക് ആനന്ദബോസ് നല്‍കിയിരുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിനുണ്ടായ വീഴ്ചകള്‍ അതില്‍ അക്കമിട്ടു നിരത്തുന്നുണ്ട്. പാലക്കാട്ടും തൃശൂരും നേമത്തും മഞ്ചേശ്വരത്തും തോല്‍വിക്ക് കാരണം നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് ആനന്ദബോസ് കുറ്റപ്പെടുത്തുന്നുണ്ട്.

ഗ്രൂപ്പ് രാഷ്ട്രീയം ബിജെപിയെ കാര്‍ന്നു തിന്നുന്നു. പല മുതിര്‍ന്ന നേതാക്കള്‍ക്കും അഭിപ്രായം പറയാന്‍ പോലും കഴിയാത്ത സ്ഥിതി. ആര്‍എസ്എസ് ഇടപെടലുകളും കേരളത്തിലെ ബിജെപിയെ തളര്‍ത്തുന്നുവെന്ന വിലയിരുത്തലാണ് പല പ്രമുഖ നേതാക്കളും ആനന്ദബോസിനോട് പങ്കുവച്ചത്.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തന്നെ ആനന്ദബോസ് അന്വേഷണങ്ങള്‍ തുടങ്ങിയിരുന്നു. ആനന്ദബോസിന്റെ നിരീക്ഷണങ്ങള്‍ കൂടി പരിഗണിച്ചാണ് ഇ ശ്രീധരനേയും ജേക്കബ് തോമസിനേയും കൂടി ഉള്‍പ്പെടുത്തിയുള്ള അന്വേഷണത്തിന് ബിജെപി തയ്യാറാകുന്നത്. കേന്ദ്രം നല്‍കിയ ഫണ്ട് എങ്ങനെ ചെലവഴിച്ചു എന്നതിലാകും അന്വേഷണം.

തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം നേതൃത്വം മാറ്റണമെന്ന ആവശ്യത്തിലും കേന്ദ്ര നേതൃത്വത്തില്‍ സമ്മര്‍ദ്ദമുണ്ട്. ഇതേ കുറിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുന്നത് സുരേഷ് ഗോപിയായിരിക്കും. അതായത് ഇടപെടലുകള്‍ക്ക് നിയോഗിക്കപ്പെട്ടവരെല്ലാം ഗ്രൂപ്പുകളുടെ ഭാഗമല്ലാത്ത പുതുമുഖങ്ങളാണ്.

ഇവരെല്ലാം ബിജെപിയില്‍ എത്തിയത് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിന്റെ ഭാഗമാണ്. ബിജെപിക്ക് തീര്‍ത്തും പുതിയ മുഖം വരും എന്നതിന്റെ സന്ദേശം കൂടിയാണ് ഇത്. ഗ്രൂപ്പുകള്‍ക്ക് പുറത്ത് നിന്ന് ബി.ജെ.പിക്ക് പുതിയൊരു മുഖം നല്‍കാന്‍ കേന്ദ്ര നേതൃത്വത്തിന് സാധിക്കുമോ എന്നാണ് പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്.