ന്യൂഡല്‍ഹി : വാര്‍ധക്യ, വിധവ, ഭിന്നശേഷി പെന്‍ഷനുകളുടെ കേന്ദ്രവിഹിതം നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടലേക്കു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. തത്കാലം ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അതത് മാസം തന്നെ തുക ബാങ്കിലെത്തിക്കും. കേരളത്തില്‍
അരക്കോടിയോളം പേരാണ് വിവിധ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നത്. ഒരാള്‍ക്ക് 200 രൂപ മുതല്‍ 500 രൂപ വരെയാണ് കേന്ദ്ര വിഹിതം.
മുന്‍പ് സംസ്ഥാനസര്‍ക്കാര്‍ 1600 രൂപ ഒന്നിച്ച് നല്‍കിയ ശേഷം പിന്നീട് കേന്ദ്രവിഹിതം വാങ്ങിയെടുക്കുകയായിരുന്നു.
കേന്ദ്രവും കേരളവും വെവ്വേറെ പണം നിക്‌ഷേപിക്കുന്നതിനാല്‍ പെന്‍ഷന്‍ ഇനി ഒന്നിച്ച് അക്കൗണ്ടില്‍ വരില്ല.
കേരളം രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ ഒരുമിച്ചാണ് ഇപ്പോള്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. മുഴുവന്‍ തുകയും സംസ്ഥാനം നല്‍കുന്നുവെന്നായിരുന്നു പ്രചാരണം. കേന്ദ്രവിഹിതം കൂടി ഉണ്ടെന്ന് അവരെ ബോധ്യപ്പെടുത്താന്‍ കേന്ദ്രത്തിന്‌റെ പുതിയ നീക്കം പ്രയോജനപ്പെടും.