തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഒരു വർഷം വൈകിപ്പിച്ചാൽ കെ റെയിലിന് ഉണ്ടാകുന്നത് 3600 കോടിയുടെ അധിക ബാധ്യത. പദ്ധതിക്കായി 185 ഹെക്ടർ റെയിൽവേ ഭൂമിയും 1198 ഹെക്ടർ സ്വകാര്യഭൂമിയുമാണ് ഉപയോഗിക്കുക. ഭൂമി ഏറ്റെടുക്കുന്നതിന് 7075 കോടി രൂപയും പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങൾക്കായി 4460 കോടി രൂപയും പുനരധിവാസത്തിനും മറ്റുമായി 1730 കോടിയുമാണ് വകയിരുത്തിട്ടുള്ളത്. 65,000 കോടിയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്.
പദ്ധതി വൈകുംതോറും ചെലവ് കൂടും. അഞ്ചുവർഷംകൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി ഒരു വർഷം വൈകിയാലുള്ള അധിക ചെലവാണ് ഇപ്പോൾ കണക്കാക്കിയത്. 15 മുതൽ 25 മീറ്റർ വീതിയിലാണ് സ്ഥലം ആവശ്യം. ഇത് ആറുവരി ദേശീയപാത പണിയാൻ വേണ്ടിവരുന്ന ഭൂമിയുടെ പകുതിയിലും കുറവാണ്. നിർമാണത്തിന് ആവശ്യമുള്ള കല്ല്, മണ്ണ്, മണൽ എന്നിവയും ദേശീയപാതയ്ക്ക് ആവശ്യമുള്ളതിന്റെ പകുതി മതിയാകും. ദേശീയപാതയിൽ ഉൾക്കൊള്ളാവുന്നതിന്റെ മൂന്നിരട്ടി യാത്രികരെ വഹിക്കാനും കഴിയും.
പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയോ വന്യജീവിമേഖലകളിലൂടെയോ പാത കടന്നുപോകുന്നില്ല. പുഴകളുടെയും അരുവികളുടെയും ഒഴുക്കിനെ തടസ്സപ്പെടുത്തുന്നില്ല. പദ്ധതി കേന്ദ്ര നയങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിലാണെന്ന് കെ റെയിൽ എംഡി വി അജിത്‌കുമാർ പറഞ്ഞു. നിലവിൽ വിഭാവനം ചെയ്‌ത റെയിൽ പദ്ധതികളെല്ലാം 2030നകം യാഥാർഥ്യമാക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.
ഇതുവരെയുള്ള അനുമതികളെല്ലാം തന്നത് കേന്ദ്രസർക്കാരും റെയിൽവേ ബോർഡുമാണ്. കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമാണ് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷനെന്നും അദ്ദേഹം പറഞ്ഞു.
സംരക്ഷിത മേഖലയിലെ 5 മീറ്ററിൽ നിർമാണമാകാം
സിൽവർ ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളുടെ വശങ്ങളിൽ സംരക്ഷിത മേഖല 10 മീറ്റർ മാത്രമായിരിക്കും. ഇതിൽ അഞ്ചുമീറ്റർ പരിധിയിൽ അനുമതിയോടെ ഭൂവുടമകൾക്ക് നിർമാണം നടത്താനാകും. ആദ്യ അഞ്ചുമീറ്ററിൽ മാത്രമാണ് ഇതിനു തടസ്സമുള്ളത്.
നിലവിൽ ഇന്ത്യൻ റെയിൽവേയുടെ സംരക്ഷിത മേഖല 30 മീറ്ററാണ്. സിൽവർ ലൈനിന് കുറഞ്ഞ ഭൂമിയേ ആവശ്യമുള്ളൂ. പദ്ധതിക്ക് ഭൂമി വിട്ടുനൽകുമ്പോൾ അവശേഷിക്കുന്ന സ്ഥലം ഉപയോഗയോഗ്യമല്ലെങ്കിൽ അതും നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാൻ വ്യവസ്ഥയുണ്ട്.