കെയർഹോം പദ്ധതി: രണ്ടാംഘട്ട ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം 6ന്

Share

സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ പൂർത്തിയായ ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം ഡിസംബർ 6ന് വൈകുന്നേരം മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തൃശ്ശൂർ പഴയന്നൂർ പഞ്ചായത്തിലാണ് ഫ്‌ളാറ്റുകൾ പൂർത്തിയായത്. 40 കുടുംബങ്ങൾക്കാണ് താമസസൗകര്യം ഒരുക്കിയത്. ആദ്യ ഘട്ടം കെയർ ഹോം പദ്ധതിയുടെ വിജയത്തിന് ശേഷമാണ് സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ടാം ഘട്ട ഭവന നിർമ്മാണ പദ്ധതി ആരംഭിച്ചത്. പഴയന്നൂർ പഞ്ചായത്ത് പദ്ധതിയുമായി സഹകരിക്കുകയും ഒരേക്കർ ആറ് സെന്റ് സ്ഥലം കൈമാറുകയും ചെയ്തു. 2018, 2019 കാലത്തെ പ്രളയത്തിന്റെ ഭാഗമായി വീടുകൾ നഷ്ടപ്പെട്ടവരുടെ പുനഃരധിവാസത്തിന്റെ ഭാഗമായാണ് കെയർ ഹോമിന്റെ പഴയന്നൂർ പദ്ധതി ആരംഭിച്ചതെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ 14 ജില്ലകളിലും ലൈഫ് മിഷൻ നിർദ്ദേശിച്ച സ്ഥലത്ത് ഭവന സമുച്ചയങ്ങൾ നിർമ്മിക്കാനാണ് തീരുമാനം. സഹകരണ സംഘങ്ങളുടെ അംഗങ്ങൾക്കു നൽകേണ്ട ലാഭവിഹിതം പൊതുയോഗത്തിന്റെ അനുമതിയോടെ പദ്ധതിയിലേയ്ക്ക് മാറ്റിയാണ് രണ്ടാം ഘട്ട നിർമ്മാണത്തിനുള്ള വിഭവ സമാഹരണം നടത്തിയത്. 55,83,14,385 രൂപയാണ് ഭവന നിർമ്മാണത്തിനായി സഹകരണ സംഘങ്ങൾ സംഭാവനയായി നൽകിയത്.
ഇരു നിലകളിലായി നാല് വീടുകളുള്ള പത്ത് ബ്ലോക്കുകളാണ് പഴയന്നൂരിൽ നിർമ്മിച്ചത്. തൃശ്ശൂർ നിർമ്മതി കേന്ദ്രയാണ് 3.72 കോടി രൂപ എസ്റ്റിമേറ്റിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. സർക്കാർ അനുമതിയോടെ 91 ലക്ഷം രൂപയുടെ അധിക നിർമ്മാണ പ്രവർത്തനങ്ങളും നടത്തി. ഓരോ വീടിനും 432 ചതുരശ്ര അടി വിസ്തീർണമാണുള്ളത്. വരാന്ത, സ്വീകരണ മുറി, രണ്ട് കിടപ്പുമുറികൾ, അടുക്കള, ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓരോ വീടിനും പ്രത്യേകം വാട്ടർ ടാങ്കുകളും തയ്യാറാക്കിയിട്ടുണ്ട്. പൊതുവായുള്ള ലൈറ്റഡ് യാർഡ്, കുട്ടികൾക്കുള്ള കളിസ്ഥലം, ജിംനേഷ്യം, ലൈബ്രറി ഹാൾ, പൂന്തോട്ടം, വിശ്രമ കേന്ദ്രം എന്നിവയും ഒരുക്കിയിട്ടുണ്ട്.
തേജസ്വിനി, പമ്പ, കബനി, അച്ചൻകോവിൽ, നെയ്യാർ, ഭവാനി, പെരിയാർ, മണിമല, ചന്ദ്രഗിരി, നിള എന്നിങ്ങനെ നദികളുടെ പേരാണ് ബ്ലോക്കുകൾക്ക് നൽകിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പഴയന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജില്ലാ കളക്ടറുടെ പ്രതിനിധിയായി എ.ഡി.എമ്മും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തായിരുന്നു ഗുണഭോക്താക്കളെ കണ്ടെത്താനുള്ള നറുക്കെടുപ്പ്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങളുടെയും പഴയന്നൂർ പഞ്ചായത്തിൽ ലൈഫ്മിഷൻ പട്ടികയിൽ ഉൾപ്പെടുത്തി നൽകിയ 35 കുടുംബങ്ങളുടെയും ഇതുനു പുറമെ നൽകിയ നാലു പേരുടെയും പേരുകൾ നറുക്കിട്ടാണ് 40 ഗുണഭോക്താക്കളെ കണ്ടെത്തിയത്.
ഉദ്ഘാടന ചടങ്ങിൽ സഹകരണ മന്ത്രി അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും ഉദ്ഘാടന യോഗത്തിൽ പങ്കെടുക്കും.