കാർബൺ ന്യൂട്രൽ കൃഷി രീതി സംസ്ഥാനത്തു വ്യാപകമാക്കും: മന്ത്രി പി. പ്രസാദ്

Share

സംസ്ഥാനത്ത് കാർബൺ ന്യൂട്രൽ കൃഷി രീതി വ്യാപകമാക്കുമെന്നും ഇന്നു (ജനുവരി 1) മുതൽ ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും കൃഷി മന്ത്രി പി. പ്രസാദ്. സുരക്ഷിത ഭക്ഷണത്തിന്റെ ഉത്പാദനം ഉറപ്പുവരുത്തുന്നതിനായുള്ള ജൈവ കാർഷിക മിഷന് കൃഷി വകുപ്പ് ഈ വർഷം രൂപം നൽകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനായി മേഖലാ തലത്തിലുള്ള ആസൂത്രണത്തിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയും ഹരിതഗൃഹ വാതകങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തി കാർബൺ രഹിത കേരളം എന്ന ലക്ഷ്യത്തിലേക്ക് എത്തുകയുമാണു സർക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. ഇതു മുൻനിർത്തിയാണു കാർബൺ ന്യൂട്രൽ കൃഷിരീതിക്കു തുടക്കമിടുന്നത്. പരമ്പരാഗത കൃഷിരീതികൾ തിരികെക്കൊണ്ടുവന്നും അനാവശ്യ രാസവസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കിയുമാകും ഇതു നടപ്പാക്കുക. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൃഷി വകുപ്പിന്റെ ഓരോ ഫാമുകൾ തെരഞ്ഞെടുത്ത് കാർബൺ ന്യൂട്രൽ കൃഷി രീതി നടപ്പാക്കും. ഇതു മാതൃകയായിക്കാണിച്ച് തുടർ പ്രവർത്തനങ്ങൾ മറ്റിടങ്ങളിലേക്കു വ്യാപിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓരോ പഞ്ചായത്ത് തെരഞ്ഞെടുത്ത്  കാർബൺ ന്യൂട്രൽ കൃഷി പ്രോത്സാഹിപ്പിക്കും. പഞ്ചായത്തുകളിൽ ഇതുമായി ബന്ധപ്പെട്ട പ്രത്യേക ശിൽപ്പശാലകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കാർബൺ ന്യൂട്രൽ കൃഷി കേരളത്തിൽ എന്ന വിഷയത്തിൽ സംസ്ഥാന കൃഷി വകുപ്പ് ശിൽപ്പശാല സംഘടിപ്പിച്ചിരുന്നു. ദേശീയതലത്തിലുള്ള വിദഗ്ധരെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ശിൽപ്പശാല ഈ മേഖലയിൽ രാജ്യത്തുതന്നെ ആദ്യത്തേതായിരുന്നു. ശിൽപ്പശാലയിൽ ഉരുത്തിരിഞ്ഞ ആശയങ്ങളും കാർബൺ രഹിത കേരളം യാഥാർഥ്യമാക്കുന്നതിനുള്ള പദ്ധതികളിൽ ഉൾപ്പെടുത്തും. കാർബൺ ബഹിർഗമനത്തിന്റെ തോത് കുറയ്ക്കുന്നതിനുള്ള കാർഷിക മുറകൾ കർഷകരെ പരിശീലിപ്പിക്കും. ഇക്കോളജിക്കൽ എൻജിനിയറിങ്, പുതയിടൽ, ഓർഗാനിക് കാർബണിന്റെ മണ്ണിലെ അളവ് വർധിപ്പിക്കൽ, കാർബൺ ആഗിരണം എന്നിവ ഇതിൽ ഉൾപ്പെടും. മണ്ണിന്റെ ആരോഗ്യത്തിനു പ്രാധാന്യം നൽകിയുള്ള പദ്ധതികൾക്ക് ഊന്നൽ നൽകും.
കാലാവസ്ഥ അടിസ്ഥാനമാക്കിയുള്ള കാർഷിക മേഖലയുടെ പുനഃസംഘാടനം ആവശ്യമാണെന്നു മന്ത്രി പറഞ്ഞു. ഓരോ മേഖലയിലും കൃഷി രീതികൾ വ്യത്യസ്തമാണ്. ഇതനുസരിച്ചുള്ള നടീൽ വസ്തുക്കളുടെ വിതരണം, പദ്ധതികൾ തുടങ്ങിയവയാകും ഈ വർഷം മുതൽ നടപ്പാക്കുക. നടീൽ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി നഴ്സറി ആക്ടും പരിഗണനയിലുണ്ടെന്നു മന്ത്രി പറഞ്ഞു. കൃഷി വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.