ആലപ്പുഴ :- ആലപ്പുഴ ജില്ലാമെഡിക്കൽ ഓഫീസിൽ അറ്റന്റന്റ് ഗ്രേഡ് 2 തസ്തികയിൽ എംപ്ലോയ്മെന്റ് എക്സ് ചേയ്ഞ്ച് വഴി അഭിമുഖത്തിന് ഹാജരായെങ്കിലും നിയമനം ലഭിക്കാത്ത തന്റെ പേരിൽ മറ്റൊരാൾ ജോലിചെയ്യുന്നുണ്ടെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
തിരുവനന്തപുരം പuഡിക്കോണം സ്വദേശിനി എസ് സുകന്യയുടെ പരാതിയിലാണ് എല്ലാ രേഖകളും സഹിതം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയത്. കമ്മീഷൻ അംഗം വി.കെ ബീനാകുമാരിയുടേതാണ് ഉത്തരവ്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
പരാതിക്കാരിയായ സുകന്യ 2018 ജൂൺ 19 നാണ് എംപ്ലോയ്മെന്റ് എക്സ് ചേയ്ഞ്ചിൽ നിന്നുള്ള ലിസ്റ്റ് പ്രകാരം ഇന്റർവ്യൂവിൽ പങ്കെടുത്തത്. 2 വർഷത്തിനു ശേഷം എംപ്ലോയ്മെന്റ് എക്സ് ചേയ്ഞ്ചിൽ അന്വേഷിച്ചപ്പോൾ താൻ ആലപ്പുഴ ജില്ലാമെഡിക്കൽ ഓഫീസിലെ അറ്റന്റന്റ് ഗ്രേഡ് 2 തസ്തികയിൽ ജോലിചെയ്യുന്നതായി വിവരം ലഭിച്ചെന്ന് പരാതിയിൽ പറയുന്നു.
എന്നാൽ തപാൽ വഴിയോ ഫോൺ വഴിയോ തനിക്ക് ആലപ്പുഴ ഡി എം ഒ ഓഫീസിൽ നിന്നും നിയമന ഉത്തരവ് ലഭിച്ചിരുന്നില്ല. ഇതിൽ തിരിമറിയുണ്ടെന്നും സ്വാഭാവിക നീതിയുടെ നിഷേധം ഉണ്ടായെന്നും പരാതിയിൽ പറയുന്നു.
പരാതി വാസ്തവമാണെങ്കിൽ തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ജൂലൈയിൽ ആലപ്പുഴയിൽ നടന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.