രാജ്യം ഇന്ന് 73-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.
ദേശീയ തലസ്ഥാനത്ത് രാജ്പഥിലാണ് പ്രധാന ആഘോഷ പരിപാടി നടക്കുന്നത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കും.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം രാവിലെ 10.30 നാണ് പരേഡ് ആരംഭിക്കുന്നത്.
റെയ്സിന കുന്നുകളിൽ നിന്ന് ആരംഭിക്കുന്ന പരേഡ് രാജ്പഥ്, ഇന്ത്യാഗേറ്റ് വഴി ചെങ്കോട്ടയിലൂടെ നാഷണൽ സ്റ്റേഡിയം വരെ സഞ്ചരിക്കും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ടാബ്ലോകൾ പരേഡിൽ അണിനിരക്കും.
കോ വിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പരേഡിൽ മാർച്ച് നടത്തുന്ന വിഭാഗങ്ങളുടെ എണ്ണം 144 ൽ നിന്ന് 96 ആയി കുറച്ചിട്ടുണ്ട്.
1950 മുതൽ കരസേന ഉപയോഗിക്കുന്ന വ്യത്യസ്ത യൂണിഫോമുകൾ പ്രദർശിപ്പിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധ സ്മാരകം സന്ദർശിച്ച് വീരയോധാക്കൾക്ക് ശ്രദ്ധാഞ്ജലിയായി പുഷ്പചക്രം അർപ്പിക്കുന്നതോടെയാണ് റിപ്പബ്ലിക് ദിന ചടങ്ങുകൾ ആരംഭിക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ.
റിപ്പബ്ലിക് ദിന പരേഡിൽ പ്രതിരോധ മന്ത്രാലയം നിരവധി പുതിയ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
എൻ.സി.സി കേഡറ്റുകൾ ഒരുക്കുന്ന “ഷഹീദോം കോ ഷഡ് ഷഡ് നമാൻ” പരിപാടി, വ്യോമസേനയുടെ 75 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ചേർന്നുള്ള ഫ്ലൈ പാസ്റ്റ്, വന്ദേഭാരതം നൃത്തമത്സരത്തിലൂടെ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 480 നർത്തകർ ചേർന്ന് ഒരുക്കുന്ന സാംസ്കാരിക പരിപാടി, എൽ.ഇ.ഡി സ്ക്രീനിലൊരുക്കുന്ന ദൃശ്യാവിഷ്കാരങ്ങൾ തുടങ്ങി നിരവധി പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും.
16 വിഭാഗങ്ങളാണ് പരേഡിൽ പങ്കെടുക്കുന്നത്.
കരസേനയുടെ ആറ് വിഭാഗങ്ങൾ, നാവിക, വ്യോമ സേനകളിൽ നിന്ന് ഓരോ വിഭാഗങ്ങൾ, സിആർപിഎഫ്
നാല് വിഭാഗങ്ങൾ, ഡൽഹി പൊലീസിന്റെ ഒരു വിഭാഗം, എൻസിസി, എൻഎസ്എസ് എന്നിവയിൽ നിന്ന് രണ്ടു വീതം വിഭാഗങ്ങളും പരേഡിൽ പങ്കെടുക്കും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും മന്ത്രാലയങ്ങളിൽ നിന്നുമായി 21 ടാബ്ലോകൾ പരേഡിൽ അണിനിരക്കും.
ജൽ ജീവൻ മിഷൻ, ഉഡാൻ, ശ്രീ ഔറോബിന്ദോയുടെ 150 വർഷങ്ങൾ, ദേശീയ വിദ്യാഭ്യാസ നയം ഉൾപ്പെടെ പ്രമേയങ്ങളിലാണ് ടാബ്ലോകൾ അവതരിപ്പിക്കുന്നത്.
സാധാരണ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നേരിട്ട് കാണാൻ അവസരം ലഭിക്കാത്ത സമൂഹത്തിലെ പ്രത്യേക വിഭാഗങ്ങൾ ഇക്കുറി രാജ്പഥിൽ പ്രത്യേക ക്ഷണിതാക്കളായെത്തും.
ഓട്ടോറിക്ഷ ഡ്രൈവർമാർ, നിർമ്മാണ തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, ആരോഗ്യ മേഖലയിലെ മുന്നണി പോരാളികൾ തുടങ്ങിയവർ പ്രത്യേക ക്ഷണിതാക്കളിൽ ഉൾപ്പെടുന്നു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഡൽഹിയിലും പരിസരപ്രദേശങ്ങളിലം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
27,000 ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ രാജ്യതലസ്ഥാനത്തെമ്പാടുമായി വിന്യസിച്ചിട്ടുണ്ട്.
സിസിടിവി ക്യാമറകളും ഡ്രോണുകളും ഉപയോഗിച്ചുള്ള നിരീക്ഷണവും ഉണ്ടായിരിക്കും.
പരേഡ് വീക്ഷിക്കാനെത്തുന്നവർക്ക് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും ഡൽഹി പൊലീസ് പുറപ്പെടുവിച്ചു.
രാവിലെ 7 മുതലാണ് പ്രവേശനം.
രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമേ പരേഡ് ഗ്രൌണ്ടിലേക്ക് പ്രവേശനമുള്ളൂ.
ഡി.ഡി മലയാളത്തിൽ രാവിലെ 9 മണി മുതൽ റിപ്പബ്ലിക് ദിന പരേഡിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.