ഇന്ന് പി. കൃഷ്ണപിള്ള ചരമദിനം

Share

കമ്യൂണിസ്റ്റ് നേതാവും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)സ്ഥാപകാംഗവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു പി. കൃഷ്ണപിള്ള (ജ. 1906 വൈക്കം,കോട്ടയം – മ. ഓഗസ്റ്റ് 19, 1948 മുഹമ്മ,ആലപ്പുഴ). ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഈ.എം.എസ്സും ഏ.കെ.ജി.യും അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ കേരള സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരുപിടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയത് . കമ്മ്യൂണിസ്റ്റ് പ്രവർ‌ത്തകർക്കിടയിൽ “സഖാവ്” എന്ന് ബഹുമാനപുരസ്സരം അറിയപ്പെട്ടിരുന്ന പി. കൃഷ്ണപിള്ള കേരളത്തിലെ “ആദ്യത്തെ കമ്മ്യൂണിസ്റ്റ്” എന്നു വിശേഷിപ്പിക്കപ്പെടുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർ‌ത്തകനായിരുന്ന കൃഷ്ണപിള്ള പിന്നീട് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിൽ മുൻകൈയ്യെടുത്തു. അതിലെ ഒരു ഇടതുപക്ഷനിലപാടുള്ളവരെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI)യുടെ കേരളഘടകത്തിന് രൂപം നൽകുകയും നേതൃനിരയിലെത്തുകയും ചെയ്തു. 42 -ാം വയസ്സിൽ അന്തരിച്ച അദ്ദേഹം കേരളം കണ്ട മികച്ച സംഘാടകരിൽ ഒരാളായിരുന്നു.

WhatsApp Image 2021 08 19 at 8.07.40 AM

ഹിന്ദി പ്രചാരസഭയുടെ കീഴിൽ ഹിന്ദി പ്രചാരകനായി സാമൂഹ്യപ്രവർത്തനമാരംഭിച്ച കൃഷ്ണപിള്ള ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തുകൊണ്ടാണ് രാഷ്ട്രീയ രംഗത്തേക്കു പ്രവേശിക്കുന്നത്. രാഷ്ട്രീയത്തിൽ സജീവമായതുമുതൽതന്നെ ബ്രീട്ടീഷ് രാജിനെതിരേ പ്രവർത്തിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയത്. ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ പോലീസ് അറസ്റ്റു ചെയ്തു ജയിലലടച്ചു. ജയിലിൽ നിന്നും മോചിതനായ കൃഷ്ണപിള്ള നേരെ പോയത് ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുക്കാനാണ് . അവർണ്ണർ എന്നു മുദ്രകുത്തി ക്ഷേത്രപ്രവേശനം നിരോധിച്ചിരുന്ന മറ്റു ജാതിയിലുള്ളവർക്കു കൂടി ക്ഷേത്രപ്രവേശനം സാധ്യമാക്കണമെന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ആവശ്യം. സമരത്തിന് ശ്രദ്ധകിട്ടണമെന്ന ഉദ്ദേശത്തോടെ, സവർണ്ണമേധാവിത്വത്തെ പ്രകോപിച്ചുകൊണ്ട് അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ കയറി മണിമുഴക്കി. സവർണ്ണമേധാവികൾ തങ്ങളുടെ കിങ്കരന്മാരെ വിട്ട് കൃഷ്ണപിള്ളയെ മർദ്ദിച്ചു. “ഉശിരുള്ള നായർ മണിയടിക്കും, എച്ചിൽപെറുക്കി നായർ അവന്റെ പുറത്തടിക്കും” എന്ന് കാവൽക്കാരെ പരിഹസിച്ചുകൊണ്ട് ഈ കൊടിയ മർദ്ദനം മുഴുവൻ അവഗണിക്കപ്പെട്ട ഒരു സമൂഹത്തിനു വേണ്ടി കൃഷ്ണപിള്ള ഏറ്റുവാങ്ങി..

WhatsApp Image 2021 08 19 at 8.07.39 AM 2

തിരുവിതാംകൂർ സ്വാതന്ത്ര്യ സമരത്തിലും, പിന്നീട് ആലപ്പുഴയിലെ പുന്നപ്രവയലാർ സമരത്തിലും, കൊച്ചിയിലെ ദേശീയപ്രസ്ഥാന രംഗത്തും മലബാറിലെ കാർഷിക സമരങ്ങളിലും മിൽത്തൊഴിലാളി സമരങ്ങളിലും കൃഷ്ണപിള്ളയുടെ സാന്നിദ്ധ്യം വളരെ പ്രധാനമായിരുന്നു. ഈ പ്രവർത്തനങ്ങൾക്കിടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകരിലൊരാളായി. ദീർഘകാലം പ്രസ്ഥാനത്തിനു വേണ്ടി ഒളിവിലും, ജയിലിലും കഴിച്ചുകൂട്ടി. ജനകീയ യുദ്ധകാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ മുന്നിൽ നിന്നും നയിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനി പ്രസാധനത്തിനും വിതരണത്തിനുമുള്ള സുശക്തമായ ഒരു സംവിധാനം കെട്ടിപ്പടുക്കാൻ പാർട്ടി നിയോഗിച്ചത് കൃഷ്ണപിള്ളയെയായിരുന്നു. പുന്നപ്ര-വയലാർ സമരത്തിന്റെ പ്രധാന പ്രചോദനകേന്ദ്രം കൃഷ്ണപിള്ളയായിരുന്നു. തിരുവിതാംകൂറിലെ തൊഴിലാളികളെ സമരമുഖത്തേക്കു കൊണ്ടുവന്നുതു മുതൽ, ക്യാമ്പിലെ സന്നദ്ധഭടന്മാർക്ക് വിമുക്തഭടന്മാരുടെ സഹായത്താൽ പരിശീലനം കൊടുത്തിരുന്നതുവരെ കൃഷ്ണപിള്ളയുടെ മാർഗ്ഗനിർദ്ദേശത്തിലായിരുന്നു.

WhatsApp Image 2021 08 19 at 8.07.38 AM

കോട്ടയം ജില്ലയിലെ വൈക്കത്ത് ഒരു മധ്യവർഗ്ഗ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്തിനടുത്തുള്ള ഇടലാക്കുടി സ്വദേശി തങ്കമ്മ ആയിരുന്നു ഭാര്യ. ആലപ്പുഴയിലെ മുഹമ്മയ്ക് സമീപമുള്ള കഞ്ഞിക്കുഴിയിലെ കണ്ണർകാട് എന്ന പ്രദേശത്തെ ഒരു കയർത്തൊഴിലാളിയുടെ വീട്ടിൽ ഒളിവിൽ കഴിയുന്ന സമയത്ത് 1948 ആഗസ്റ്റ് 19 ന് സർപ്പദംശനം ഏൽക്കുകയുണ്ടായി. അന്നു രാത്രി ഒമ്പതു മണിയോടെ, കൃഷ്ണപിള്ള അന്തരിച്ചു. മരണസമയത്ത് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ യുടെ കേരള ഘടകത്തിന്റെ സെക്രട്ടറിയായിരുന്നു.. അദ്ദേഹത്തിന്റെ ഭാര്യ തങ്കമ്മ പിന്നീട് ശുചീന്ദ്രത്തേക്ക് താമസം മാറുകയും ശുചീന്ദ്രം ക്ഷേത്രം സ്ഥാനികനായിരുന്ന നീലകണ്ഠശർമ്മയെ വിവാഹം കഴിക്കുകയും ചെയ്തു. ഈ ബന്ധത്തിൽ അവർക്കുണ്ടായ മകനായിരുന്നു പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ ടി.എൻ. ഗോപകുമാർ.