അഹമ്മദാബാദ്: കേരളത്തിലെ ആർ എസ് എസ് പ്രാന്ത പ്രചാരക് സ്ഥാനത്തു നിന്ന് പി എൻ ഹരികൃഷ്ണകുമാർ പുറത്ത്. സുദർശൻ ആണ് പുതിയ പ്രാന്തപ്രചാരക്. ഗുജറാത്തിലെ കരണവതിയിൽ ചേർന്ന അഖില ഭാരതീയ പ്രതിനിധി സഭയുടേതാണ് തീരുമാനം. അധികാരമില്ലാത്ത ക്ഷേത്രീയ സഹ സമ്പർക്ക പ്രമുഖ് സ്ഥാനത്ത് അദ്ദേഹത്തെ ഒതുക്കി.
രാജസ്ഥാനിലെ നാഗൗറില്‍ 2016 മാർച്ചിൽ ചേര്‍ന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയാണ് ഹരികൃഷ്ണകുമാറിനെ അവരോധിച്ചത്. കോട്ടയം നട്ടാശ്ശേരി സ്വദേശിയായ ഹരികൃഷ്ണകുമാർ, ബി എം എസ് സംഘടനാ സെക്രട്ടറി, പാലക്കാട് വിഭാഗ് പ്രചാരക്, ഇടുക്കി ജില്ലാ പ്രചാരക് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
കോട്ടയം സ്വദേശി പി ആർ ശശിധരന് പകരമാണ്, ഹരികൃഷ്ണകുമാർ വന്നത്.
ഹരികൃഷ്ണകുമാറിനെ നീക്കിയത്, ആശ്വാസത്തോടെയാണ് സംസ്ഥാനത്തെ സ്വയം സേവകർ കാണുന്നത്. ഈ സ്ഥാനത്തിരുന്ന മറ്റൊരാളും ഇത്രയും പരാതികൾക്ക് ഇട വരുത്തിയിട്ടില്ല. സംഘടനയിൽ ഒരു ഗ്രൂപ്പിനൊപ്പം ചേർന്ന് നിൽക്കുകയായിരുന്നു, അദ്ദേഹം എന്ന് നേതൃത്വം വിലയിരുത്തിയെന്നാണ് സൂചന.
സംഘടനയിൽ പ്രധാന അധികാര കേന്ദ്രമായ ഈ പദവിയിൽ ഹരികൃഷ്ണകുമാർ എത്തിയത് അപ്രതീക്ഷിതമായിരുന്നു. ബൗദ്ധിക പ്രവർത്തനങ്ങളിൽ വ്യാപരിക്കാത്ത ഹരികൃഷ്ണകുമാർ സ്ഥാനത്തിരുന്ന കാലയളവിൽ സംഘ പരിവാർ സാംസ്കാരിക സ്ഥാപനങ്ങൾ പിറകോട്ടടിച്ചതായി നേതൃത്വം വിലയിരുത്തി. പത്രമായ ജന്മഭൂമിയും പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ കുരുക്ഷേത്ര പ്രകാശനും വലിയ പ്രതിസന്ധികൾ നേരിട്ടു. കുരുക്ഷേത്രയുടെ ജനറൽ മാനേജർ അവിടത്തെ പണം അപഹരിച്ച് സ്വന്തം പേരിൽ സ്ഥലം വാങ്ങുക പോലുമുണ്ടായി.
കോട്ടയം സ്വദേശിയായ ഒരു ജനറൽ മാനേജരുടെ പിടിയിൽ അമർന്ന ജന്മഭൂമിയിൽ എം ഡി വെറും നോക്കുകുത്തിയായി. സ്വന്തം നാട്ടുകാരനായ ജനറൽ മാനേജർക്ക് താങ്ങും തണലുമായി നിന്ന പ്രാന്ത പ്രചാരക്, അയാളെ പ്രാന്തീയ സമിതിയിൽ സംരക്ഷിച്ചു. അർഹതയും യോഗ്യതയും ഇല്ലാതെ കിട്ടിയ സ്ഥാനങ്ങളിൽ മതി മറന്ന ജനറൽ മാനേജർ ചീഫ് എഡിറ്റർ പത്രത്തിൽ വേണ്ട എന്ന തീരുമാനം എടുത്തു. മികച്ച ഒരു പ്രൊഫഷനൽ ആ സ്ഥാനത്തിരുന്നത് നാല് മാസം മാത്രമാണ്. സംഘടനയിൽ തന്നെയുള്ള ഹരി എസ് കർത്തയ്ക്കും ജോസഫ് ഡൊമിനിക്കിനും പത്രത്തിൽ തുടരാൻ കഴിഞ്ഞില്ല. മാതൃഭൂമിയിൽ നിന്ന് എത്തിയ ടി അരുൺകുമാറിനും പടിയിറങ്ങേണ്ടി വന്നു. ഒരു മോശം സബ് എഡിറ്റർ സ്ഥാനത്തു നിന്ന് ജനറൽ മാനേജരായ ആൾ ബൗദ്ധിക നിലവാരമില്ലാതെ തന്നെ, നിരന്തരം എഡിറ്റോറിയലിൽ ഇടപെട്ട് കൊണ്ടിരുന്നു. എഡിറ്റോറിയലിലും മറ്റ് വിഭാഗങ്ങളിലും പിണിയാളുകളെ കുടിയിരുത്തി. സംഘടനാ നേതൃത്വം മികച്ച പ്രൊഫഷനലുകളെ കണ്ടെത്തിയപ്പോൾ അയാൾ എഡിറ്റോറിയലിൽ ഗ്രൂപ്പുണ്ടാക്കി.
ഗ്രൂപ്പ് പ്രവർത്തനം കെ പി യോഹന്നാനുമായുള്ള പണമിടപാടിൽ വരെ ചെന്നെത്തി.
കഴിഞ്ഞ ജൂലൈയിൽ ബംഗളൂരുവിൽ നടന്ന ദേശീയ സമ്മേളനത്തിൽ തന്നെ ഹരികൃഷ്ണ കുമാറിനെ മാറ്റുമെന്ന് കേട്ടിരുന്നു
കേരള പ്രാന്ത കാര്യവാഹ് അഥവാ സംസ്ഥാന സെക്രട്ടറി ആകേണ്ടിയിരുന്ന എം രാധാകൃഷ്ണനെ കേരളവും തമിഴ്‌നാടും ചേര്‍ന്ന ദക്ഷിണ ക്ഷേത്ര സഹ കാര്യവാഹ് ആയി ആ സമ്മേളനം ഒതുക്കിയിരുന്നു.
കോട്ടയം സ്വദേശിയായ ഹരികൃഷ്ണ കുമാർ, കോട്ടയത്തു നിന്നുള്ള പലരെയും താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ആർ എസ് എസ് കള്ളപ്പണ വിവാദത്തിൽ പെട്ടതോടെ, ഹരികൃഷ്ണകുമാറിന് പുറത്തേക്ക് വഴി ഒരുങ്ങി. ആർ എസ് എസ് പ്രചാരകനായ ഗണേശ്, ബി ജെ പി സംഘടനാ സെക്രട്ടറി എന്ന നിലയിലാണ്, വിവാദത്തിൻറെ കേന്ദ്രസ്ഥാനത്തു നിന്നത്.