ആശങ്ക ഏറുന്നു; സംസ്ഥാനത്ത് ഏഴു പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

Share

തിരുവനന്തപുരം: കേരളത്തിൽ ഏഴ് പേർക്ക് ബ്ലാക്ക് ഫംഗസ് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് തമിഴ്നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

നിലവിൽ കേരളത്തിൽ ‘മ്യൂക്കോമൈകോസിസ്’ അഥവാ ബ്ലാക്ക് ഫംഗസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആന്റി ഫംഗൽ മരുന്നുകൾ ഉപയോഗിച്ച് ബ്ലാക്ക് ഫംഗസ് ബാധ ചികിത്സിച്ച് ഭേദപ്പെടുത്താൻ സാധിക്കും. സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോക്കോളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.

വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ആണ് രോഗബാധയുണ്ടാക്കുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം. എന്നാൽ പൊതുവേ ഇത് മാരകമായ ഒന്നല്ല. കോവിഡ് ബാധിതർ, പ്രമേഹ രോഗികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയവരിൽ ഫംഗസ് ബാധയ്ക്ക് സാധ്യത കൂടുതലുണ്ട്.

കോവിഡ് ബാധിതരിൽ ബ്ലാക്ക് ഫംഗസ് വലിയതോതിൽ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡൽഹി എയിംസിൽ മാത്രം 23 പേർക്ക് ഈ ഫംഗസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ ബ്ലാക് ഫംഗസ് ബാധിച്ച 400-500 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഗുലേറിയ പറഞ്ഞിരുന്നു.