ആറന്മുള ഉതൃട്ടാതി ജലോത്സവം ആചാരപരമായ ചടങ്ങുകൾ പാലിച്ച് നടത്തുമെന്ന് മന്ത്രി വീണാ ജോർജ്. ആറന്മുള തിരുവോണത്തോണി വരവേൽപ്പ്, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവ ആചാരപരമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യരുടെ സാന്നിധ്യത്തിൽ പള്ളിയോട സേവ സംഘം പ്രതിനിധികളെ പങ്കേടുപ്പിച്ച് നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ആചാര അനുഷ്ട്ടാനങ്ങളിൽ പങ്കു ചേരുന്നവർ കുറഞ്ഞത് ഒരു വാക്സിനെങ്കിലും സ്വീകരിച്ചിരിക്കണം. ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു മുൻപായി കോവിഡ് ടെസ്റ്റ് നടത്തണമെന്നും മന്ത്രി നിർദേശിച്ചു. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നതിനും ഉതൃട്ടാതി ജലോത്സവത്തിനുമായി ഒന്നിൽ 40പേർ വീതം എത്ര പള്ളിയോടങ്ങൾക്ക് അനുമതി നൽകണമെന്നത് സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കാമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.