ആരു ഭയപ്പെടുത്തിയെന്ന് തിയേറ്ററുടമകള്‍ പറയണം

Share

കൊച്ചി: ‘കേരളാ സ്‌റ്റോറി’ ക്ക് വ്യാപകമായ പ്രശംസ. ചിത്രം കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നു. എ.എ റഹീമിനെപ്പോലുള്ള നിഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളയുവജനപ്രസ്ഥാനക്കാരും മാലാ പാര്‍വതിയെപ്പോലെയുള്ള സെലക്ടീവ് ക്രിട്ടിക്കുകളുമൊക്കെയാണ് ചിത്രം ഇറങ്ങിയ ശേഷവും എതിര്‍ശബ്ദം ഉയര്‍ത്തുന്നത്. എന്നിട്ടും പല തിയേറ്ററുകളും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകുന്നില്ല. തിയേറ്ററുടമകള്‍ ആരെയോ ഭയക്കുന്നു. അത് ആരാണെന്ന് വ്യക്തമായി പറയാന്‍ അവര്‍ തയ്യാറാകണം. അതല്ലെങ്കില്‍ മതമൗലികവാദികളുടെ ഹിഡന്‍ അജണ്ടയ്ക്കു കീഴിലാണ് സംസ്ഥാനത്തെ സാംസ്‌കാരികരംഗമെന്നതിന് ഇതില്‍ പരം തെളിവ് ആവശ്യമില്ലെന്നുവരും.
സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് കൃത്യമായി കാണിച്ചുതരുന്ന സിനിമയാണെന്ന് നിര്‍മാതാവും ഫിലിം ചേംബര്‍ പ്രസിഡന്റുമായ ജി. സുരേഷ് കുമാര്‍ പ്രതികരിച്ചു. ആരെയും മോശമായി ചിത്രീകരിച്ചിട്ടുള്ള സിനിമ അല്ല ‘ദി കേരള സ്റ്റോറി’.
‘കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ ഇന്നലെ കണ്ടുവെന്നും ഇഷ്ടപ്പെട്ടുവെന്നും മുന്‍ വൈസ് ചാന്‍സലറും പി. എസ്. സി.മുന്‍ ചെയര്‍മാനും ബി.ജെ.പി. വൈസ് പ്രസിഡന്‌റുമായ കെ.എസ്. രാധാകൃഷ്ണന്‍ കുറിപ്പിട്ടു.
അതേസമയം കേരളത്തിലെ 21 സ്‌ക്രീനുകളിലാണ് ചിത്രം റിലീസിന് എത്തിയത്. പിന്നീട് പലയിടത്തും റദ്ദാക്കുകയും ചെയ്തു. ആക്രമണ ഭീഷണി ഉണ്ടെന്നാണ് ഇതിന് കാരണം പറയുന്നത്. പ്രമുഖ മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആറിന്റെ കൊച്ചിയിലെ ലുലു മാള്‍, ഒബറോണ്‍ മാള്‍, തിരുവനന്തപുരം ലുലു മാള്‍ എന്നിവിടങ്ങളിലുള്ള സ്‌ക്രീനുകളിലെ പ്രദര്‍ശനങ്ങളും റദ്ദാക്കി.
ഒരു പോസ്റ്റര്‍ പോലും ഒട്ടിക്കാതെ,
ഒരു പരസ്യം പോലും ഇല്ലാതെ,
കഴിഞ്ഞ ഒരാഴ്ചയായി ചാനലുകളും സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും പത്രങ്ങളും മുതല്‍ മുഖ്യനും പാര്‍ട്ടിയും പ്രതിപക്ഷക്കാരും വരെ ചര്‍ച്ച ചെയ്ത ഒരു ഹോട്ട് സബ്ജക്ടില്‍ വരുന്ന ഒരു സിനിമ. ഇത് പോലെ അടുത്തൊന്നും ഒരു സിനിമയും ചര്‍ച്ച ആയിട്ടില്ല.
ആ സിനിമ കാണാന്‍ കാത്തിരിക്കുന്ന ആളുകള്‍ക്ക് മുന്നില്‍ 10 ദിവസം തികച്ചു ഓടാത്ത സിനിമക്ക് പോലും സ്‌ക്രീന്‍ കൊടുക്കുന്ന തിയേറ്ററുകളില്‍ ഒന്നിലും കേരള സ്റ്റോറി എന്ന സിനിമ ഇല്ല എന്നത് ആലോചിക്കേണ്ട വിഷയമാണെന്ന് ജെ. നന്ദകുമാര്‍ സോഷ്യല്‍മീഡിയയില്‍ ചൂണ്ടിക്കാട്ടി.
പ്രാദേശികമായി ഒരൊറ്റ തിയേറ്റര്‍ പോലും പടം പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ട് വരുന്നില്ല.
ആരെയാണ് ഇവര്‍ പേടിക്കുന്നത്.
ആരാണ് ഇവരെ പേടിപ്പിക്കുന്നത്.
ഈ അയിത്തം കല്‍പ്പിക്കാന്‍ ഇവര്‍ ആരാണ് ?
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലര്‍ ആയി ആരാണ് ഇവരെ വാഴിക്കുന്നത് ? എന്നും അദ്‌ദേഹം ആരാഞ്ഞു.
‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കുന്നതു കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും സാങ്കല്‍പിക ചിത്രമാണതെന്നും, ചരിത്രസിനിമയല്ലെന്നും ഹൈക്കോടതി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും ചിലര്‍ സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നത് ഗൗരവമുള്ളകാര്യമാണ്.