ആദിവാസി ഊരുകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന: റവന്യൂമന്ത്രി കെ. രാജൻ

Share

ആദിവാസി ഊരുകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന നൽകുമെന്ന് റവന്യൂമന്ത്രി കെ.രാജൻ പറഞ്ഞു. ഇതിന് സഹായകമായ വിധത്തിൽ ഒരു നോളജ് ബാങ്ക് രൂപീകരിക്കാൻ ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു. പാണഞ്ചേരി പഞ്ചായത്തിലെ താമരവെള്ളച്ചാൽ ആദിവാസി ഊരിലെ സാമൂഹ്യപഠന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ്. മന്ത്രി ഇക്കാര്യം പറഞ്ഞത്.  വിവിധ ജോലികൾക്ക് ഊരിലെ യുവാക്കളെ പ്രാപ്തരാക്കാൻ കഴിയുന്ന തരത്തിൽ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നൽ നൽകണം. കുട്ടികൾക്ക് താൽപര്യമുള്ള വിഷയങ്ങളിൽ ബ്രിഡ്ജ് കോഴ്സുകൾ സംഘടിപ്പിക്കാനും ആവശ്യമായ സെന്ററുകൾ കണ്ടെത്താനും ഇതിലൂടെ സാധിക്കും. അറിവും വിദ്യാഭ്യാസവും തൊഴിലും കേന്ദ്രീകരിക്കുന്ന വിധത്തിൽ നോളജ് ബാങ്കുകൾ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആരംഭിക്കും. ഊരിലെ കുട്ടികളുടെ വിദ്യാഭ്യാസം ഏതെങ്കിലും കാരണത്താൽ മുടങ്ങാതിരിക്കാൻ പ്രത്യേക ശ്രദ്ധപുലർത്താനും ഇതുകൊണ്ട് കഴിയുമെന്നും മന്ത്രി പറഞ്ഞു. ആദിവാസി കുട്ടികൾക്ക് വിദ്യാഭ്യാസം നൽകികൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി.

576 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 1 ക്ലാസ് റൂമും 2 ശുചിമുറിയും റാമ്പും ഉൾപ്പെടെയാണ് സാമൂഹ്യപഠന കേന്ദ്രത്തിന്റെ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.  മുൻ എം പി സി എൻ ജയദേവന്റെ 2018-19 വർഷത്തെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ജില്ലാ നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണച്ചുമതല. 16 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. കോളനിയിലെ ഓൺലൈൻ പഠനസൗകര്യത്തിനായി തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെയും വൈഫൈ സംവിധാനത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു.  ഒപ്റ്റിക് ഫൈബർ കേബിൾ ഉപയോഗിച്ചാണ് ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയത്.  തൃശൂർ ജില്ലയിലെ ആദിവാസി ഊരുകളിൽ  ഇന്റർനെറ്റ് സൗകര്യമൊരുക്കുന്നതിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ പ്രഖ്യാപിച്ച പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് താമരവെള്ളച്ചാലിൽ കണക്റ്റിവിറ്റി എത്തിച്ചത്.  നാല് കിലോമീറ്ററോളം കേബിൾ വലിച്ച്  വൈഫൈ മോഡം സ്ഥാപിച്ചാണ്  ഊരിലെ സാമൂഹ്യ പഠന കേന്ദ്രത്തിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയത്.  പുതിയ ഇന്റർനെറ്റ് കണക്റ്റിവിറ്റി മുഖേനയുള്ള ഊരിലെ പഠന സൗകര്യം വിലയിരുത്താൻ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റും ബി എസ് എൻ എൽ ഉദ്യോഗസ്ഥരും  കഴിഞ്ഞ ആഴ്ച താമരവെള്ളച്ചാൽ കോളനി സന്ദർശിച്ചിരുന്നു. 

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, മറ്റ് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ കെ വി അനിത, സുബൈദ അബൂബക്കർ, വാർഡ് മെമ്പർ അജിത മോഹൻദാസ്, പി ലത (നിർമ്മിതികേന്ദ്രം, തൃശൂർ), ബിഎസ്എൻഎൽ ഡിവിഷണൽ എൻജിനീയർ ഷാബു, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സബിത പി ജോയ്, പഞ്ചായത്തംഗം ബാബു തോമസ്, ഊര് മൂപ്പൻ എം.കെ സദാനന്ദൻ എന്നിവർ പങ്കെടുത്തു.