അഹമ്മദാബാദ്: വധശിക്ഷ 3 മലയാളികൾക്കും 

Share


അഹമ്മദാബാദ്: അഹമ്മദാബാദ് സ്ഫോടന പരമ്പരയിൽ 38 പ്രതികൾക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ച് അഹമ്മദാബാദ് കോടതി. കേസിൽ 49 പേർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 38 പ്രതികളിൽ മൂന്ന് പേർ മലയാളികളാണ്. ഷിബിലി, ഷാദുലി, ഷറഫുദ്ദീൻ എന്നിവരാണ് വധശിക്ഷ ലഭിച്ച മലയാളികൾ.

വാഗമൺ, പാനായിക്കുളം തീവ്രവാദ പരിശീലന ക്യാമ്പുകളിൽ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ടവരാണ് മലയാളികൾ. 

14 വർഷത്തെ വിചാരണക്ക് ശേഷമാണ് കോടതി കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചത്. കേസിൽ 28 പേരെ വെറുതെ വിട്ടിരുന്നു. 2008ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജൂലൈ 26നുണ്ടായ സ്ഫോടനത്തിൽ 56 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം സെപ്തംബറിൽ വിചാരണ പൂർത്തിയായിരുന്നു.

തെളിവില്ലെന്ന് കണ്ട് 12 പേരേയും സംശയത്തിന്റെ ആനുകൂല്യം നൽകി 16 പേരെയുമാണ് കേസിൽ വെറുതെ വിട്ടത്. അടുത്ത കാലത്തായി ഏറ്റവും നീണ്ട വിചാരണ നടക്കുന്ന ക്രിമിനൽ കേസാണ് അഹമ്മദാബാദ് സ്ഫോടന പരമ്പര കേസ്. കേസിൽ രണ്ട് പേർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒരാൾക്ക് അസുഖം കാരണവും മറ്റൊരാൾ മാപ്പ് സാക്ഷിയും ആയതിനാലാണ് ജാമ്യം നൽകിയത്.

ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ 70 മിനിറ്റ് വ്യത്യാസത്തിൽ 21 ബോംബുകളാണ് 2008ൽ പൊട്ടിത്തെറിച്ചത്. 200 ഓളം പേർക്ക് പരിക്കേൽക്കുകയും 56 പേർ കൊല്ലപ്പെടുകയും ചെയ്തു. ഇന്ത്യൻ മുജാഹിദ്ദീനുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായ എല്ലാവരും. 79 പ്രതികളാണ് അറസ്റ്റിലായത്. അറസ്റ്റിലായവരിൽ ഒരാൾ മലയാളിയാണ്. ഒരാൾ മാപ്പ് സാക്ഷിയായി, മറ്റൊരാൾക്ക് മാറാരോഗം പിടിപെടുകയും ചെയ്തു. പിന്നീട് 77 പേരെയാണ് വിചാരണ ചെയ്തത്. 2009ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.