അയ്യപ്പസേവാ സംഘം സന്നിധാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു

Share


മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമല സന്നിധാനത്ത് അഖില ഭാരത അയ്യപ്പസേവാ സംഘം പ്രവര്‍ത്തനം ആരംഭിച്ചു. സന്നിധാനത്ത് നടന്ന ചടങ്ങില്‍ അയ്യപ്പസേവാ സംഘത്തിന്റെ
പ്രവര്‍ത്തന ഉദ്ഘാടനവും പതാക ഉയര്‍ത്തലും ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.

അയ്യപ്പഭക്തര്‍ക്ക് മന്ത്രി പ്രഭാത ഭക്ഷണം വിളമ്പി നല്‍കി. സന്നിധാനത്ത് മൂന്ന് നേരമായി നടത്തുന്ന അന്നദാനത്തിനു പുറമേ സ്‌ട്രെച്ചര്‍ സര്‍വീസ്, ചുക്കുവെള്ളം വിതരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സേവനങ്ങളും നല്‍കി വരുന്നു.


സന്നിധാനത്തെയും മരക്കൂട്ടത്തെയും സേവനങ്ങള്‍ക്കായി 140 ഉം, പമ്പയില്‍ 50 ഉം സന്നദ്ധ പ്രവര്‍ത്തകരാണ് ഉള്ളത്. തിരക്ക് കൂടുന്നത് അനുസരിച്ച് കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെത്തും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ഥാടക പാതയില്‍ അവശരാകുന്നവരെ സഹായിക്കാന്‍ അയ്യപ്പ സേവാസംഘം സന്നദ്ധ പ്രവര്‍ത്തകര്‍ സജ്ജരാണ്.

സന്നിധാനത്തെ സേവനങ്ങള്‍ക്ക് പുറമെ പമ്പയില്‍ രണ്ട് ആംബുലന്‍സ് സര്‍വീസും അന്നദാനവും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ആരോഗ്യ വകുപ്പും അയ്യപ്പസേവാ സംഘവും ചേര്‍ന്ന് പമ്പ മുതല്‍ മരക്കൂട്ടം വരെ അഞ്ച് എമര്‍ജന്‍സി മെഡിക്കല്‍ ബൂത്തുകളും സന്നിധാനത്ത് ഒരു ബൂത്തും വീതം സജ്ജമാക്കിയിട്ടുണ്ട്. ഓരോ ബൂത്തിലും അയ്യപ്പസേവാ സംഘത്തിന്റെ രണ്ട് വീതം സന്നദ്ധ പ്രവര്‍ത്തകരും ഉണ്ട്. ഈമാസം 20 ഓടെ നിലയ്ക്കലില്‍ തീര്‍ഥാടക വാഹനങ്ങളുടെ സര്‍വീസുകള്‍ക്ക് സൗജന്യ വര്‍ക്ക്‌ഷോപ്പ് ആരംഭിക്കും.


എംഎല്‍എമാരായ അഡ്വ. പ്രമോദ് നാരായണന്‍, കെ.യു. ജനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. മനോജ് ചരളേല്‍, പി.എം. തങ്കപ്പന്‍, സ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ്, ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര്‍ വാര്യര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അജിത് കുമാര്‍, അയ്യപ്പസേവാ സംഘം ക്യാമ്പ് ഓഫീസര്‍ എസ്.എം.ആര്‍ ബാലസുബ്രമണ്യന്‍, ജോയിന്റ് ക്യാമ്പ് ഓഫീസര്‍ നവനീദ് കൃഷ്ണന്‍, ലെയ്‌സണ്‍ ഓഫീസര്‍ മോഹന ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.