അയല്‍ക്കാരിക്ക് ഒപ്പം ഒളിച്ചോടി പിടിയിൽ

Share

ആലുവ: പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയേയും ഒരു വയസ്സുള്ള കുട്ടിയേയും ഉപേക്ഷിച്ച്‌ അയല്‍വാസിയായ യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവ് പിടിയില്‍. ആലുവ യു.സി കോളെജ് വി.എച്ച്‌ കോളനിയില്‍ ആലമറ്റം വീട്ടില്‍ അജ്മലാണ് (26) പിടിയിലായത്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം ഇയാള്‍ക്ക് എതിരെ കേസ് എടുത്തു. 

മകളെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ 23ന് യുവതിയുടെ പിതാവ് ആലുവ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് തോട്ടുപിന്നാലെ അജ്മലിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യയും പൊലീസില്‍ പരാതി നല്‍കി. ഈ രണ്ട് കേസുകളും അന്വേഷിച്ച്‌ വരുന്നതിനിടെയാണ് ഇരുവരും വയനാട്, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളില്‍ മാറി മാറി താമസിച്ചതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചത്. കോട്ടയത്ത് എത്തി ആലുവ പോലീസ് ഇരുവരെയും പിടികൂടുകയായിരുന്നു.

അജ്മലും ഭാര്യയും വാടകയ്ക്ക് താമസിക്കുന്ന വീടിന്‍റെ സമീപത്ത് തന്നെയാണ് ഒളിച്ചോടിയ യുവതിയുടെ വീടും.  പ്രതിയെ മൂവാറ്റുപുഴ ജയിലിലാണ് റിമാന്‍ഡ് ചെയ്തത്. എസ്.ഐമാരായ എം.എസ്.ഷെറി, കെ.വി.ജോയി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.