അബ്കാരി കുടിശ്ശിക പിരിച്ചെടുക്കാൻ ആംനെസ്റ്റി സ്‌കീം നടപ്പിലാക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Share

അബ്കാരി കുടിശ്ശിക പിരിച്ചെടുക്കാനും നികുതി പിരിവ് മെച്ചപ്പെടുത്താനും ആംനെസ്റ്റി സ്‌കീം നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പുതിയ ആംനെസ്റ്റി സ്‌കീം ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് വഴി 25 കോടിയോളം രൂപ പിരിച്ചെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു.
1996 വരെയുള്ള കുടിശ്ശികയുടെ 75 ശതമാനം അടയ്ക്കുകയാണെങ്കിൽ മുഴുവൻ പലിശയും പിഴപ്പലിശയും മുതലിന്റെ 25 ശതമാനവും ഒഴിവാക്കി നൽകും. 1996 മുതൽ 2000 വരെയുള്ള കുടിശ്ശികകൾക്ക് മുതലിന്റെ 90 ശതമാനം അടച്ചാൽ പലിശയും പിഴപ്പലിശയും മുതലിന്റെ 10 ശതമാനവും ഒഴിവാക്കി നൽകും. 2000ത്തിനും 2012നും ഇടയിലുള്ള കുടിശ്ശികകൾക്ക് മുതൽ തുക പൂർണമായും അടച്ചാൽ പലിശയും പിഴപ്പലിശയും ഒഴിവാക്കും. ആംനെസ്റ്റി സ്‌കീം പ്രയോജനപ്പെടുത്താത്തവർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോവും. സ്‌കീം ഉപയോഗപ്പെടുത്തുന്നവരോട് ഭാവിയിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കോടതിയിൽ കേസുകൾ നൽകില്ലെന്ന സത്യവാങ്മൂലം ആവശ്യപ്പെടും. അവർ നിലവിലുള്ള അബ്കാരി കുടിശ്ശിക സംബന്ധിച്ച കേസുകളെല്ലാം പിൻവിക്കുക്കണമെന്നും മന്ത്രി പറഞ്ഞു.  
ആംനെസ്റ്റി സ്‌കീമിൽ അപേക്ഷ നൽകാൻ 2022 ആഗസ്ത് 31വരെ സമയം നൽകും. ഡിസ്റ്റിലറികൾ, ബ്ലെൻഡിംഗ് യൂണിറ്റുകൾ, ഫാർമസ്യൂട്ടിക്കലുകൾ, കെ എസ് ബി സി എന്നിവിടങ്ങളിലെ കോസ്റ്റ് ഓഫ് എസ്റ്റാബ്ലിഷ്മെന്റ് ഇനത്തിൽ ലഭിക്കാനുള്ള കുടിശ്ശികകൾ ആംനെസ്റ്റി സ്‌കീമിൽ ഉൾപ്പെടുത്തില്ല.