അഫ്ഗാന്‍ വിഷയം: റഷ്യ വിളിച്ച നിർണായക യോഗത്തിൽ ഇന്ത്യക്ക് ക്ഷണമില്ല

Share

ഡൽഹി: അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തുന്നതിനായി റഷ്യ വിളിച്ചു ചേർക്കുന്ന നിർണായക യോഗത്തിന് ഇന്ത്യക്ക് ക്ഷണമില്ലെന്ന് റിപ്പോർട്ട്. അതേസമയം പാകിസ്താൻ, ചൈന, യു.എസ്. എന്നീ രാജ്യങ്ങൾ യോഗത്തിൽ പങ്കെടുക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു.

ഓഗസ്റ്റ് 11-ന് ഖത്തറിൽവെച്ചാണ് യോഗമെന്നാണ് വിവരം. നേരത്തെ മാർച്ച് 18-നും ഏപ്രിൽ 30-നും സമാനസ്വഭാവത്തിലുള്ള ചർച്ചകൾ നടന്നിരുന്നു. അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റം പൂർണമായതിനു പിന്നാലെ അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് റഷ്യയുടെ ഇടപെടൽ. സംഘർഷങ്ങൾ അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും തൽപര രാജ്യങ്ങളുടെ സഹായം തേടാനുള്ള നീക്കമാണ് റഷ്യ നടത്തുന്നത്.

അതേസമയം അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന ഇന്ത്യയ്ക്കും മറ്റു രാജ്യങ്ങൾക്കുമൊപ്പം സഹകരിച്ചു പ്രവർത്തിക്കുന്നത് തുടരുമെന്ന് കഴിഞ്ഞമാസം റഷ്യ വ്യക്തമാക്കിയിരുന്നു. റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവായിരുന്നു താഷ്ക്കെന്റിൽവെച്ച് ഇക്കാര്യം പറഞ്ഞത്.

ഇതോടെ, വരാനിരിക്കുന്ന യോഗത്തിൽ ഇന്ത്യയെയും ഉൾപ്പെടുത്തിയേക്കുമെന്ന് ഊഹാപോഹങ്ങൾ പരന്നിരുന്നു. അതേസമയം യോഗത്തിൽനിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ഇന്ത്യൻ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അഫ്ഗാൻ വിഷയത്തിലെ പല കാര്യങ്ങളിലും അമേരിക്കയുമായി റഷ്യക്ക് അഭിപ്രായവ്യത്യാസമുണ്ട്. എന്നിരുന്നാലും അഫ്ഗാൻ വിഷയം ചർച്ച ചെയ്യാനും
താലിബാൻ സൃഷ്ടിക്കുന്ന അക്രമങ്ങൾക്ക് അറുതിവരുത്താനും ഒരുമിച്ച് നിൽക്കാനാണ് തീരുമാനം.