തൃശൂരിൽ അനാശാസ്യ കേന്ദ്രത്തില്‍ പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന
ഒഡീഷ സ്വദേശി ദൻപത് നായ്ക് കൊല്ലപ്പെട്ടു.
അനാശ്യാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരും ഇടപാടിനെത്തിയവരും ഇതര സംസ്ഥാനക്കാരാണ്. ഒഡീഷ, അസം
സ്വദേശികളായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള എട്ടംഗ സംഘമാണ് കേന്ദ്രം നടത്തിപ്പുകാർ. ഇവരാണ് മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. ജൂണ്‍ 18 രാത്രി 10ന് തൃശൂർ കോരപ്പത്ത് ലൈനിലുള്ള വീട്ടില്‍ വച്ചായിരുന്നു സംഭവം.
കൊല്ലപ്പെട്ട ദൻപത് നായ്ക്കും ഇതര സംസ്ഥാനക്കാരായ രണ്ട് സുഹൃത്തുക്കളും ചേർന്ന് ഈ വീട്ടിലേക്ക് എത്തുകയായിരുന്നു. മൂവരും തൃശൂർ എം.ജി റോഡിലെ ഹോട്ടലിലെ ജീവനക്കാരാണ്. ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ട ശേഷം പണത്തെ ചൊല്ലി തർക്കമുണ്ടായി.
ഇതോടെ ലൈംഗിക ഇടപാട് കേന്ദ്രം നടത്തിപ്പുകാരായ എട്ടംഗ സംഘം മൂവരെയും ക്രൂരമായി മർദിച്ചുവെന്നും ഇടിവള ഉള്‍പ്പെടെ ഉപയോഗിച്ചാണ് മൂവരെയും മർദിച്ചതെന്ന് പൊലീസ് പറഞ്ഞു.
മർദനത്തിനുശേഷം പ്രതികള്‍ മൂവരെയും സംഘം കാറില്‍ കയറ്റി കോട്ടപ്പുറത്തെ താമസസ്ഥലത്ത് വിട്ടു.
നാണക്കേട് ഭയന്ന് മൂവരും ആദ്യഘട്ടത്തില്‍ ചികിത്സ തേടിയില്ല. പിറ്റേദിവസമാണ് മൂവരും ആശുപത്രിയില്‍ ചികിത്സ തേടിയത്.
ദൻപദ് നായിക്ക് തൃശൂർ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഇന്ന് പുലർച്ചയാണ് മരണപ്പെട്ടത്.