കീവ് : യുക്രെനിൽ നിന്നു പോളണ്ട് അതിർത്തി വഴി രക്ഷപ്പെടാൻ ശ്രമിക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർഥികളെ കൈയേറ്റം ചെയ്ത് യുക്രെയ്ൻ സൈന്യം. മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് അതിർത്തിയിൽ യുക്രെൻ സൈന്യം വിദ്യാർത്ഥികളെ തോക്ക് ചൂണ്ടിയും ലാത്തിച്ചാർജ്ജിലൂടെയും ഭീഷണിപ്പെടുത്തുന്നുവെന്ന് മലയാളി വിദ്യാർത്ഥികൾ പറഞ്ഞു.
വിദ്യാർഥികളെ കാറ് കൊണ്ട് ഇടിപ്പിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. ഇത് ചോദിക്കാനെത്തിയവരെയും സൈന്യം മർദിച്ചു. തോക്ക് ചൂണ്ടിയും സൈന്യം ഭീഷണിപ്പെടുത്തിയതെന്ന് വിദ്യാർഥികൾ പറയുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ കൊടും തണുപ്പിൽ അതിർത്തി കടക്കാനെത്തുന്നവരോടാണ് ഈ ക്രൂരത. മർദ്ദനത്തിൽ പെൺകുട്ടികൾക്ക് അടക്കം പരിക്കേറ്റു. ഒരു വിദ്യാർത്ഥിയുടെ കൈ ഒടിഞ്ഞു. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും തങ്ങളെ സുരക്ഷിതരായി ഉടൻ തന്നെ നാട്ടിലേക്ക് എത്തിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു.
കിലോമീറ്ററുകളോളം നടന്ന് അതിർത്തിയിലെത്തുമ്പോൾ കടക്കാൻ അനുവദിക്കുന്നില്ല. കൂട്ടം കൂടി നിൽക്കുന്ന വിദ്യാർത്ഥികളുടെ നേർക്ക് വാഹനം കയറ്റാൻ ശ്രമിച്ച് തടയുന്നതിന്റെയും മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളും വിദ്യാർത്ഥികൾ പുറത്ത് വിട്ടു. മണിക്കൂറുകളായി തങ്ങളെ തടഞ്ഞു വച്ചിരിക്കുകയാണെന്നും അസഹനീയമായ തണുപ്പാണ് അതിർത്തിയിലെന്നും വിദ്യാർഥികൾ പറയുന്നു. യുക്രെയ്ൻ-പോളണ്ട് അതിർത്തിയിൽ മലയാളികൾ ഉൾപ്പടെ 3,000 ഇന്ത്യക്കാരാണ് ഇപ്പോഴും കുടുങ്ങി കിടക്കുന്നത്.