അടിസ്ഥാന വര്‍ഗത്തിന്റെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃക: മന്ത്രി കെ. രാധാകൃഷ്ണന്‍

Share

അടിസ്ഥാന വര്‍ഗത്തില്‍ പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാനത്ത് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് പട്ടികജാതി -പട്ടികവര്‍ഗ വികസന  വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. 
സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ മാവേലിക്കര മണ്ഡലത്തിലെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

സമൂഹത്തിന്റെ താഴേ തട്ടിലുള്ളവരുടെ ക്ഷേമത്തിനായി നിലവില്‍ സംസ്ഥാനത്ത് നിരവധി പദ്ധതികളുണ്ട്. ഇവയെല്ലാം സമയബന്ധിതമായി നടപ്പാക്കി അടുത്ത നാലു വര്‍ഷം കൊണ്ട്  സമഗ്ര പുരോഗതി ഉറപ്പാക്കനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിദാരിദ്ര്യം നേരിടുന്നവരെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ പൂര്‍ത്തിയായ ശേഷം ഈ വിഭാഗത്തില്‍ പെടുന്നവരുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കും-അദ്ദേഹം പറഞ്ഞു. 

പട്ടികജാതി – പട്ടികവര്‍ഗ വികസന വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായാണ്  സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം സംഘടിപ്പിക്കുന്നത്.  പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനായി പൊതുസമൂഹത്തിന്റെ സഹകരണവും പിന്തുണയും ഉറപ്പാക്കി അടിസ്ഥാന വര്‍ഗ വിഭാഗങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. സമഗ്ര വികസനം സാമൂഹ്യ ഐക്യത്തിലൂടെ എന്നതാണ് ഈ വര്‍ഷത്തെ പക്ഷാചരണത്തിന്റെ സന്ദേശം.

ചടങ്ങില്‍ എം. എസ്. അരുണ്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബു, മാവേലിക്കര നഗരസഭാ ചെയര്‍മാന്‍ കെ. വി. ശ്രീകുമാര്‍, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. ഇന്ദിരാദാസ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രജനി, ജനപ്രതിനിധികളായ ഡോ. കെ മോഹന്‍കുമാര്‍, ഷീബാ സതീഷ്, ജി. ആതിര, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ ബി. ബെഞ്ചമിന്‍, മാവേലിക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫിസര്‍ ആര്‍. രാജേഷ് എന്നിവര്‍ പങ്കെടുത്തു.