സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ കൂടുന്നു

Share

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ കൂടുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. കൊവിഡ് കാലത്താണ് കുട്ടികളുടെ ആത്മഹത്യ വര്‍ധിച്ചതെന്നാണ് പൊലീസിൻറെ പഠന റിപ്പോര്‍ട്ട്. കുടുംബ ബന്ധങ്ങളിലെ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് സര്‍ക്കാരിന്, പൊലീസ് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ 3 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കുട്ടികളുടെ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടുന്ന സാഹചര്യത്തിലാണ് കാരണങ്ങളെ കുറിച്ചുള്ള പഠനം നടത്തിയത്. 2019ല്‍ 230 കുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്.ഇതില്‍ 97 ആണ്‍കുട്ടികളും, 133 പെണ്‍കുട്ടികളും ആണ് . 2020ല്‍ 311 കുട്ടികള്‍ ആത്മഹത്യ ചെയ്തു. 142 ആണ്‍ കുട്ടികളും, 169 പെണ്‍കുട്ടികളും ഇതില്‍ ഉള്‍പ്പെടും . 2021 ആയപ്പോള്‍ ആതമഹത്യനിരക്ക് വീണ്ടും കൂടി. 345 ആയി. 168 ആണ്‍കുട്ടികളും, 177 പെണ്‍കുട്ടികളും.

കൊവിഡ് നിയന്ത്രണങ്ങള്‍ വന്ന ശേഷം കുട്ടികള്‍ വീട്ടിനുള്ളിലായപ്പോഴാണ് ആത്മഹത്യ കൂടിരിക്കുന്നതെന്നാണ് ഞെട്ടിക്കുന്ന വസ്തുത. കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളാണ് കുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. പുറത്തേക്ക് പോകാതെ വന്നപ്പോള്‍ കുട്ടികള്‍ക്കുണ്ടായ മാനസിക പ്രശ്നങ്ങള്‍ അതു വഴി വീട്ടുകാരുമായുള്ള ത‍ർക്കം എന്നിവയെല്ലാം കുട്ടികളുടെ ആത്മഹത്യക്ക് കാണമായിട്ടുണ്ട്. പെണ്‍കുട്ടികളാണ് ആതമഹത്യ ചെയ്യുന്നതിൽ കൂടുതൽ. പരീക്ഷ തോൽവി , ഓണ്‍ ലൈൻ ഗെയിമുകൾ, പ്രണയ നൈരാശ്യം ഇതെല്ലാം ആത്മഹത്യക്ക് കാണമായിട്ടുണ്ടെങ്കിലും ഇത് ചെറിയൊരു ശതമാനം മാത്രമാണെന്നാണ് കണ്ടെത്തൽ.

മലപ്പുറം, പാലക്കാട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം, വയനാട് ജില്ലകളിലാണ് കുട്ടികളുടെ ആത്മഹത്യ കൂടുതൽ. കൊവിഡ് നിയന്ത്രങ്ങള്‍ മാറി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന സാഹചര്യത്തിൽ ആത്മഹത്യ ബോധവത്ക്കണവും കൗണ്‍സിലുമെല്ലാം ആരംഭിക്കണമെന്നാണ് പൊലീസിൻെറ ശുപാ‍ർശ. പാഠ്യഭാഗങ്ങളിലും ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും ശുപാർശ ചെയ്യുന്നു.