പൊതുജനാരോഗ്യ ആക്ട് സംസ്ഥാനത്തിന് വലിയ ഗുണമുണ്ടാക്കും: ആരോഗ്യ മന്ത്രി

Share

സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന പൊതുജനാരോഗ്യ ആക്ട് കേരളത്തിന് വലിയ ഗുണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (എം.പി.എച്ച്) കോഴ്സിന്‍റെ ഈ വര്‍ഷത്തെ പ്രവേശന പരീക്ഷയ്ക്ക് മുന്നോടിയായി എം.പി.എച്ച് പഠനം ആഗ്രഹിക്കുന്നവര്‍ക്കും പൊതുജനാരോഗ്യത്തില്‍ തല്പരരായവര്‍ക്കും വേണ്ടി നടത്തിയ അന്താരാഷ്ട്ര പൊതുജനാരോഗ്യ വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോള വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ഇപ്രകാരം ഒരു വെബിനാര്‍ സംഘടിപ്പിച്ച തിരുവനന്തപുരത്തെ ഗ്ലോബല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തിൻറെ പരിശ്രമങ്ങളെ മന്ത്രി അനുമോദിച്ചു.

പൊതുജനാരോഗ്യത്തിന്‍റെ സാദ്ധ്യതകളും എം.പി.എച്ച് പഠനം നടത്തിയവര്‍ക്കുള്ള തൊഴിലവസരങ്ങളുമായിരുന്നു വെബിനാറിന്‍റെ വിഷയം. കേരള ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.കെ.മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. ഇരുപതിലധികം അന്താരാഷ്ട്ര പൊതുജനാരോഗ്യ വിദഗ്ദർ വെബിനാറിൽ സംസാരിച്ചു.

ജനീവയില്‍ ഐക്യരാഷ്ട്രസംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മുരളി തുമ്മാരുകൂടി, രാജേഷ് ദിവാകരന്‍, ലോകാരോഗ്യ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മാധവറാം, ഡോ. ചെറിയാന്‍ വര്‍ഗീസ്, സ്റ്റോപ് ടി.ബി പാര്‍ട്ട്നര്‍ഷിപ്പ് ഉദ്യോഗസ്ഥന്‍ ഡോ. എ. ശ്രീനിവാസ്, ഗ്ലോബല്‍ ഫണ്ട് ഉദ്യോഗസ്ഥ ഡോ. ഡെയ്സി സാഗര്‍, ഡ്യൂര്‍ ടെക്നോളജി സി.ഇ.ഒ വിപിന്‍ യാദവ്, ലണ്ടനില്‍ നിന്ന് ഡോ. ആനിക് മാനൂവല്‍, അമേരിക്കയില്‍ നിന്ന് പ്രൊഫസര്‍ മോനിക്ക സാഹ്നി, ഡോ. പ്രഭ ചന്ദ്രശേഖരന്‍, നൈജീരിയയില്‍ നിന്ന് പ്രൊഫസര്‍ ഐനമി കാക്കുലു, ടാന്‍സാനിയയില്‍ നിന്ന് യൂനിസ് മോട്ടൂറി, ഉത്തര്‍ പ്രദേശില്‍ നിന്ന് ലോകാരോഗ്യ സംഘടന കണ്‍സല്‍ട്ടന്‍റുമാരായ ഡോ. വി. ജി. വിനോദ് കുമാര്‍, ഡോ. ലക്ഷ്മി അരവിന്ദന്‍ തുടങ്ങിയവരാണ് വെബിനാറില്‍ സംസാരിച്ചത്. എം.പി.എച്ച് പഠനശേഷം ഉന്നത ഉദ്യോഗങ്ങളില്‍ പ്രവേശിച്ചവര്‍ക്ക് ഡോ. മാര്‍ത്താണ്ഡപിള്ള ഉപഹാരം നല്‍കി. ഡോ.എസ്. എസ്.ലാല്‍, ഡോ. കെ. ആര്‍. നായര്‍, ഡോ. ഷിബു വിജയന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.