ഗോത്രവർഗ മേഖലയിലെ തനത് ഭക്ഷ്യസംസ്‌കാരം വീണ്ടെടുക്കണം: സ്പീക്കർ എം.ബി രാജേഷ്

Share

ഗോത്രവർഗ മേഖലകളിൽ തനതായ കൃഷിരീതികൾ അവലംബിക്കണമെന്നും ഊരുകളിൽ തൊഴിലും അതിലൂടെ വരുമാനവും ഉണ്ടാകണമെന്നും നിയമസഭ സ്പീക്കർ എം.ബി രാജേഷ്.
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ഗോത്രവർഗ മേഖലയിലെ ഭക്ഷ്യ ഭദ്രതയും തനത് ഭക്ഷ്യസംസ്‌കാരം വീണ്ടെടുക്കലും എന്ന വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച ‘തനിമ’ ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ .
തനത് ഗോത്രവർഗ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ‘മില്ലറ്റ് വില്ലേജ്’ പദ്ധതി സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്നും ഊരുകളിലെ ഭക്ഷ്യ ഭദ്രതയുമായി ബന്ധപ്പെട്ട് തുടർച്ചയായ ഇടപെടലുകൾ വേണമെന്നും സ്പീക്കർ പറഞ്ഞു.
ഭക്ഷ്യ,കൃഷി,പട്ടികജാതി വികസന വകുപ്പുകളുടെ ഏകോപനത്തിലൂടെ തനതായ ഭക്ഷ്യസംസ്‌കാരം വീണ്ടെടുക്കാൻ ശ്രമിക്കണമെന്നും തനത് കൃഷിരീതികളിൽ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.  സെമിനാറിൽ ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങളും നിർദ്ദേശങ്ങളും രേഖയാക്കി  സർക്കാരിന് സമർപ്പിക്കാനും സ്പീക്കർ നിർദ്ദേശിച്ചു.
പൊതുവിതരണ സംവിധാനത്തിലൂടെ ലഭിക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കും ധാന്യങ്ങൾക്കും പകരം ഗോത്ര വർഗക്കാർക്ക് ആവശ്യമായ ഉത്പ്പന്നങ്ങൾ വിതരണം ചെയ്യാൻ തയ്യാറാണെന്ന് ചടങ്ങിൽ അധ്യക്ഷനായ  ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു.
കേരളത്തിൽ 36 ആദിവാസി ഊരുകളിൽ നേരിട്ട് പൊതുവിതരണ സംവിധാനങ്ങളിലൂടെ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നുണ്ടെന്നും ഇത് സ്ഥിരം സംവിധാനമാക്കി സർക്കാർ ഉടൻ മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ഗോതമ്പിനു പകരം  അഞ്ച് കിലോ ആട്ട ഗോത്ര മേഖലകളിൽ വിതരണം ചെയ്യാൻ പൊതുവിതരണ വകുപ്പ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഗോത്രമേഖലകളിൽ പ്രവർത്തിക്കുന്നവരും വിദഗ്ധരുമായ ഡോ. റ്റി.ആർ സുമ, ഡോ. സി.എസ് ചന്ദ്രിക, സിന്ദു സാജൻ, സി. ജയകുമാർ എന്നിവർ സെമിനാറിൽ വിഷയാവതരണം നടത്തി. ബി. രാജേന്ദ്രൻ    മോഡറേറ്ററായി.
പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ടി.വി അനുപമ, സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ കെ.വി. മോഹൻകുമാർ, പൊതുവിതരണ വകുപ്പ് കമ്മീഷണർ ഡോ. ഡി. സജിത്ത് ബാബു, റേഷനിംഗ് കൺട്രോളർ എസ്.കെ. ശ്രീലത, ഭക്ഷ്യ കമ്മീഷൻ മെമ്പർമാരായ കെ. ദിലീപ് കുമാർ, എം വിജയലക്ഷ്മി, കെ.എസ് ശ്രീജ, പി. വസന്തം, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ  എന്നിവർ പങ്കെടുത്തു.