ഓയിൽ കമ്പനികൾ വില കൂട്ടി; സംസ്ഥാനത്ത് മണ്ണെണ്ണ വില വർധിപ്പിക്കില്ല: മന്ത്രി ജി.ആർ. അനിൽ

Share

ഫെബ്രുവരി 1, 2 തീയതികളിലായി മണ്ണെണ്ണയുടെ വിലയിൽ ഓയിൽ കമ്പനികൾ  വൻ വർധന വരുത്തിയതായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ജനുവരി മാസത്തിൽ 41.64 രൂപയായിരുന്ന മണ്ണെണ്ണയുടെ അടിസ്ഥാന വില ഫെബ്രുവരി ഒന്നിന് 5.39 രൂപ വർധിച്ച് 47.03 ആയി. ഫെബ്രുവരി രണ്ടിന് 2.52 രൂപ വീണ്ടും വർധിച്ച് 49.55 ആയി. മണ്ണെണ്ണയുടെ അടിസ്ഥാന വിലയോടൊപ്പം കടത്ത് കൂലി, ഡീലേഴ്‌സ് കമ്മീഷൻ, സി.ജി.എസ്.ടി, എസ്.ജി.എസ്.ടി എന്നിവയും ചേർന്ന വിലയ്ക്കാണ് റേഷൻ കടകളിൽ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്. നിലവിൽ 53 രൂപയ്ക്കാണ് സംസ്ഥാനത്തെ റേഷൻ കടകളിലൂടെ മണ്ണെണ്ണ നൽകുന്നത്.
നിലവിലെ വർദ്ധന നടപ്പിലാക്കിയാൽ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന പി.ഡി.എസ് മണ്ണെണ്ണയുടെ വില 60 രൂപയോളമാകും. എന്നാൽ നിലവിലെ പ്രതിസന്ധിഘട്ടത്തിൽ സാധാരണക്കാരായ ജനങ്ങൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുന്ന വില വർധന ഒഴിവാക്കി ജനുവരി മാസത്തെ വിലയ്ക്ക് തന്നെ സംസ്ഥാനത്തെ കാർഡ് ഉടമകൾക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിന് ആവശ്യമായ നിർദ്ദേശം പൊതുവിതരണ വകുപ്പ് ഡയറക്ടർക്ക് നൽകിയതായി മന്ത്രി അറിയിച്ചു.  സംസ്ഥാനത്തെ റേഷൻ കടകളിലൂടെ 2022 മാർച്ച് വരെ വിതരണം ചെയ്യുന്നതിനുള്ള മണ്ണെണ്ണ 2021 ഡിസംബറിൽ തന്നെ ബന്ധപ്പെട്ട ഓയിൽ കമ്പനികളിൽ നിന്നും പൊതുവിതരണ വകുപ്പ് എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published.