ആദ്യം സൈബർ വിദഗ്‌ധൻ, പിന്നെ തട്ടിപ്പുവീരൻ

Share

കൊച്ചി: സമൂഹമാധ്യമങ്ങളിൽ സൈ ബർ വിദഗ്‌ധൻ എന്ന്‌ അറിയപ്പെട്ടിരുന്ന സായ്‌ ശങ്കർ പിന്നീട്‌ എത്തിയത്‌ തട്ടിപ്പുകളുടെ ലോകത്ത്‌. സ്വകാര്യ മൊബൈൽ ഫോൺ കമ്പനിയിലെ എക്സിക്യൂട്ടീവായിരുന്ന സായ്‌ തട്ടിപ്പുസംഘത്തോടൊപ്പം ചേരുകയായിരുന്നു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിൻറെ  ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ സഹായിച്ച സായ്‌ ശങ്കറിൻറെ  പേരിൽ നിരവധി തട്ടിപ്പുകേസുകളാണുള്ളത്‌. സ്‌ത്രീകളെ ഉപയോഗിച്ച്‌ വൻകിട ബിസിനസുകാരെ വലയിലാക്കി കോടികൾ തട്ടുന്ന സംഘത്തിലെ പ്രധാനിയായിരുന്നു ഇയാൾ.

2015ൽ തിരുവാങ്കുളത്തെ പാറമട ഉടമ അജയ ഘോഷിൽ നിന്ന്‌ രണ്ടുകോടി രൂപ തട്ടിയെടുക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. ഈ കേസിൽ ഒന്നാംപ്രതി എരൂർ സ്വദേശി നാരായണദാസിൻറെ  നേതൃത്വത്തിൽ പെരുമ്പാവൂർ സ്വദേശിനിയെ ഉപയോഗിച്ചാണ്‌ പാറമട ഉടമയെ ബ്ലാക്ക്‌മെയിൽ ചെയ്തത്‌. കേസിൽ രണ്ടാംപ്രതിയാണ്‌ സായ്‌ ശങ്കർ. കൊലക്കേസ് പ്രതിയായ അഭിഭാഷകൻ സി പി ഉദയഭാനുവിൻറെ സഹോദരനാണ് ഘോഷ്.

ബംഗളൂരുവിലെ നാരായണദാസിൻറെ  അപ്പാർട്ട്‌മെന്റിലെത്തിച്ചാണ്‌ പണം തട്ടാൻ ശ്രമിച്ചത്‌. യുവതിയുമൊത്ത്‌ മുറിയിലിരിക്കെ നാർക്കോട്ടിക്‌ കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തിയവർ മയക്കുമരുന്ന്‌ കേസിൽപ്പെടുത്താതിരിക്കാൻ രണ്ടുകോടിയാണ്‌ ആവശ്യപ്പെട്ടത്‌. തൃപ്പൂണിത്തുറ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത കേസിൻറെ  കുറ്റപത്രം കോടതിയിൽ നൽകിയിട്ടുണ്ട്‌. സായ്‌ ഉൾപ്പെടെ ഏഴുപേരെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

2021ൽ തൃക്കാക്കര സ്വദേശി അസ്‌ലമിൽനിന്ന്‌ 27 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്‌. ഇതിന്റെ അന്വേഷണം തുടരുകയാണ്‌. കോഴിക്കോട്‌ സ്വദേശി മിൻഹാജിൽനിന്ന്‌ 45 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നടക്കാവ്‌ പൊലീസ്‌ സായിക്കെതിരെ കേസെടുത്തിട്ടുണ്ട്‌. പണം തിരികെ ചോദിച്ചപ്പോൾ തോക്കുകാണിച്ച്‌ ഭീഷണിപ്പെടുത്തിയെന്നുമാണ്‌ പരാതി. കൊയിലാണ്ടി സ്വദേശി ഖാലിദിൽ നിന്ന്‌ ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയും സായിക്കെതിരെയുണ്ട്‌. പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി.

ദിലീപിൻറെ  ഐ ഫോൺ 12 പ്രോ മാക്‌സിലെ വിവരങ്ങൾ സായ്‌ ശങ്കർ നശിപ്പിച്ചത്‌ ഹോട്ടൽ ഹയാത് റീജൻസിയിലും  ദിലീപിൻറെ  അഭിഭാഷകൻ ബി രാമൻപിള്ളയുടെ ഓഫീസിൽവച്ചും. 12 ഫോൺ നമ്പറുകളിൽ നിന്നുള്ള വാട്‌സാപ് ചാറ്റുകളും ശബ്ദസന്ദേശങ്ങളുമാണ്‌ നീക്കിയത്‌. എന്നാൽ, ഇതിന്റെ  ഒരു പകർപ്പ്‌ ദിലീപിനെ അറിയിക്കാതെ ഇയാൾ സൂക്ഷിച്ചതായും സൂചനയുണ്ട്‌.

നടിയെ ആക്രമിച്ച സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ്‌ തൻറെ  ആറ്‌ ഫോണുകൾ പരിശോധനയ്‌ക്ക്‌ ജനുവരി മുപ്പത്തൊന്നിനാണ്‌ ഹൈക്കോടതിയിൽ ഹാജരാക്കിയത്‌. ഇതിൽ ഐ ഫോൺ 12 പ്രോ മാക്‌സിലെ വിവരങ്ങളാണ്‌ തലേന്ന്‌ സായ്‌ ശങ്കർ നീക്കിയത്‌. കൊച്ചി നഗരത്തിലെ ആഡംബര ഹോട്ടലിലും ദിലീപിൻറെ  അഭിഭാഷകൻ രാമൻപിള്ളയുടെ ഓഫീസിൽ വച്ചും 30ന്‌ പകൽ 1.36നും 2.32നുമിടയിലാണ്‌ വിവരങ്ങൾ നീക്കിയത്‌. ദിലീപിൻറെ  ഫോൺ ആഡംബര ഹോട്ടലിലെ വൈഫൈ നെറ്റ്‌ വർക്കുമായി 30ന്‌ പകൽ 3.14നും രാമൻപിള്ള അസോസിയറ്റ്‌സ്‌ എന്ന സ്ഥാപനത്തിലെ വൈഫൈയുമായി അന്നു തന്നെ രാത്രി 11.17നും ബന്ധിപ്പിച്ചിരുന്നതായും ഫോറൻസിക്‌ പരിശോധനയിൽ കണ്ടെത്തി.

സായ്‌ ശങ്കർ ഫോൺവിവരങ്ങൾ നീക്കാൻ ഉപയോഗിച്ച ഐ മാക്ക്‌ കംപ്യൂട്ടർ ഫോറൻസിക്‌ പരിശോധനയ്‌ക്ക്‌ നൽകിയിരിക്കുകയാണ്‌. ഇതിൻറെ  റിപ്പോർട്ട്‌ ലഭിക്കാനുണ്ട്‌.