ഇന്ന് ലോക ജനസംഖ്യാ ദിനം

Share

തിരുവനന്തപുരം: ഇന്ന്ജൂലൈ 11 ലോക ജനസംഖ്യാ ദിനം. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ലോക ജനസംഖ്യാ ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനസംഖ്യാ പ്രശ്‌നങ്ങളുടെ പ്രാധാന്യത്തില്‍ ലോകത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഈ ദിവസത്തിന്റെ പ്രധാന ലക്ഷ്യം. ആഗോള തലത്തില്‍ തന്നെ കോവിഡ് കാരണം കുടുംബാസൂത്രണ സേവനങ്ങളില്‍ തടസം നേരിട്ടിട്ടുണ്ട്. യു.എന്‍.എഫ്.പി.എ. മാര്‍ച്ച് മാസത്തില്‍ നടത്തിയ പഠന പ്രകാരം ലോകത്ത് 12 ദശലക്ഷം സ്ത്രീകള്‍ക്ക് കുടുംബാസൂത്രണ സേവനങ്ങളില്‍ തടസങ്ങള്‍ നേരിട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ജനസംഖ്യാ വര്‍ധനവിന് കാരണമാകുമെന്നാണ് വിലയിരുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

‘സ്വാശ്രയ രാഷ്ട്രവും കുടുംബവും കെട്ടിപ്പടുക്കാന്‍ പ്രതിസന്ധി ഘട്ടത്തിലും കുടുംബക്ഷേമ സേവനങ്ങള്‍ ലഭ്യമാക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ലോക ജനസംഖ്യ ദിനത്തിന്റെ സന്ദേശം. ഈ വിഷയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ ജനസംഖ്യാ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വര്‍ഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍.

മികച്ച കുടുംബാസൂത്രണമാണ് ഒരു കുടുംബത്തിന്റേയും സമൂഹത്തിന്റേയും പുരോഗതി. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്തുവാന്‍ ഇതേറെ സഹായിക്കുന്നു. മക്കളെ നന്നായി വളര്‍ത്താനും ജനപ്പെരുപ്പം കുറയ്ക്കാനും കുടുംബാസൂത്രണം സഹായിക്കുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങള്‍ തമ്മില്‍ കുറഞ്ഞത് മൂന്ന് വര്‍ഷങ്ങളുടെ ഇടവേള വേണമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

1952 ല്‍ ഇന്ത്യയാണ് കുടുംബാസൂത്രണത്തിനായി ആദ്യമായി ഒരു ദേശീയ പരിപാടി ആരംഭിച്ചത്. സര്‍ക്കാര്‍ ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ഉപകേന്ദ്രങ്ങള്‍ എന്നിവ വഴി കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സൗജന്യമായി ലഭ്യമാണ്. പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ ഇത്തരം സേവനം മികച്ച രീതിയില്‍ നല്‍കി വരുന്നു. കൂടാതെ ആശാ പ്രവര്‍ത്തകര്‍ വഴിയും സ്ത്രീകള്‍ക്ക് ബോധവത്ക്കരണം നല്‍കുന്നുണ്ട്.

ഗര്‍ഭധാരണം തടയുന്നതിന് ധാരാളം താല്‍ക്കാലികവും സ്ഥിരവുമായ മാര്‍ഗങ്ങളുമുണ്ട്. ഭാവിയില്‍ ഇനി കുട്ടികള്‍ വേണ്ട എന്ന തീരുമാനമെടുത്തവര്‍ക്ക് സ്ഥിരമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ ലഭ്യമാണ്. താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നടത്തി വരുന്നു. കുടുംബാസൂത്രണത്തെ പറ്റി കൂടുതല്‍ വിരവങ്ങള്‍ അറിയാന്‍ ദിശ 104, 1056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.