മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി: രണ്ട് യുവതികളും കാമുകന്മാരും അറസ്റ്റിൽ

Share

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ രണ്ട് യുവതികളും അവരുടെ കാമുകന്മാരും പിടിയില്‍. കല്ലമ്പലം പള്ളിക്കല്‍ കെ.കെ. കോണം ഹിബാ മന്‍സിലില്‍ ജീമ (29), ഇളമാട് ചെറുവക്കല്‍ വെള്ളാവൂര്‍ നാസിയ മന്‍സിലില്‍ നാസിയ (28), വര്‍ക്കല രഘുനാഥപുരം ബി.എസ്. മന്‍സിലില്‍ ഷൈന്‍ (38), കരുനാഗപ്പള്ളി തൊടിയൂര്‍ മുഴങ്ങോട് മീനത്തേതില്‍ വീട്ടില്‍ റിയാസ് (34) എന്നിവരാണ് പിടിയിലായത്.

2021ഡിസംബര്‍ 26ന് രാത്രി ഒമ്ബതോടെയാണ് ഇവര്‍ ഒളിച്ചോടിയത്. നാസിയ അഞ്ച് വയസുള്ള കുട്ടിയെയും ജീമ ഒന്നര, നാല്, പന്ത്രണ്ട് വയസുള്ള കുട്ടികളെയും ഉപേക്ഷിച്ചാണ് മുങ്ങിയത്. ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍ വിദേശത്താണ്.

ഭര്‍ത്താക്കന്മാര്‍ നാട്ടിലില്ലാത്ത സ്ത്രീകളെ വശീകരിക്കുന്ന സംഘമാണ് ഷൈനും റിയാസുമെന്ന് പൊലീസ് പറഞ്ഞു. ഷൈന്‍ ഇതുവരെ അഞ്ച് സ്ത്രീകളെ കല്യാണം കഴിച്ചിട്ടുണ്ട്. അടുത്തിടെ പോത്തന്‍കോട്ടുവച്ച്‌ അച്ഛനെയും മകളെയും റോഡില്‍ തടഞ്ഞുനിറുത്തി മര്‍ദ്ദിച്ച കേസിലെ മൂന്ന് പ്രതികളെയും സംരക്ഷിച്ചിരുന്നത് റിയാസായിരുന്നു.

ഷൈനിനെതിരെ എഴുകോണ്‍, ഏനാത്ത് സ്റ്റേഷനുകളിലും റിയാസിനെതിരെ കരുനാഗപ്പള്ളി, ശാസ്‌താംകോട്ട, ചവറ, ശൂരനാട്,​ പോത്തന്‍കോട് സ്റ്റേഷനുകളിലും നിരവധി കേസുകള്‍ നിലവിലുണ്ട്. കാമുകിമാരോടൊപ്പം ഇവര്‍ ബാംഗ്ലൂര്‍, മൈസൂര്‍, ഊട്ടി, കോയമ്ബത്തൂര്‍, തെന്മല, കുറ്റാലം എന്നീ സ്ഥലങ്ങളില്‍ സഞ്ചരിച്ചതായി കണ്ടെത്തി.

ചെലവിനുള്ള 50,000 രൂപ സ്ത്രീകള്‍ അയല്‍വാസികളില്‍ നിന്നാണ് കടംവാങ്ങിയത്. അമ്മമാരെ കാണാതായശേഷം കൊച്ചുകുട്ടികള്‍ ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ ചെയ്‌തിരുന്നില്ല. പള്ളിക്കല്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കുറ്റാലത്തുള്ള റിസോര്‍ട്ടില്‍ നിന്നാണ് നാലുപേരെയും പിടികൂടിയത്.

ജീമയെയും നാസിയയെയും കണ്ടുപിടിക്കാനായി ഇരുവരുടെയും ബന്ധുക്കളില്‍ നിന്ന് ഷൈനും റിയാസും രണ്ടുലക്ഷം രൂപ പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നു. കുറ്റാലത്ത് നിന്ന് ഇവര്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ച ബൊലേറോ വാഹനവും കസ്റ്റഡിയിലെടുത്തു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു കടന്നുകളഞ്ഞതിന് കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലനീതി വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.

റൂറല്‍ എസ്.പി ഡോ.ദിവ്യ വി. ഗോപിനാഥിന്റെ നിര്‍ദ്ദേശാനുസരണം വര്‍ക്കല ഡിവൈ.എസ്.പി നിയാസിന്റെ മേല്‍നോട്ടത്തില്‍ പള്ളിക്കല്‍ സി.ഐ ശ്രീജിത്ത്. പി, എസ്.ഐ സഹില്‍. എം, എസ്.സി.പി.ഒ രാജീവ്, സി.പി.ഒമാരായ ഷമീര്‍, അജീസ്, മഹേഷ്, ഡബ്ല്യു.സി.പി.ഒ അനു മോഹന്‍, ഷംല എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്‌തു.