വിനയന്റെ സംവിധാനത്തില്‍ ചരിത്രം പറയുന്ന ഒരു ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുകയാണ്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന പേരില്‍ പേരിലൊരുങ്ങുന്ന ചിത്രത്തിന്റെ നാലാമത് ക്യാരക്ടര്‍ പോസ്റ്ററാണ് വിനയന്‍ പുറത്തുവിട്ടത്.
സാവിത്രി തമ്പുരാട്ടിയെന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. വിദ്യാസമ്പന്നയും സുന്ദരിയുമായ സാവിത്രി തമ്പുരാട്ടി രാജസദസില്‍ നൃത്തം അവതരിപ്പിക്കുന്ന നല്ലൊരു നര്‍ത്തകി കൂടിയാണെന്ന് വിനയന്റെ പോസ്റ്റ് വ്യക്തമാക്കുന്നു.
കേരളത്തില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥിതിക്ക് എതിരെ ആറാട്ട്പുഴ വേലായുധപണിക്കരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളെ കുറിച്ചാണ് സിനിമ പറയുന്നത്. സാവിത്രി തമ്പുരാട്ടിയെ അവതരിപ്പിക്കുന്നത് ദീപ്തി സതിയാണ്.
സിജു വില്‍സണാണ് നായക കഥാപാത്രം കൈകാര്യം ചെയ്യുന്നത്. പുതുമുഖം കയാദു ലോഹറാണ് നായിക. കായംകുളം കൊച്ചുണ്ണിയായി ചെമ്പന്‍ വിനോദും എത്തുന്നുണ്ട്. നേരത്തെ സുരേഷ് കൃഷ്ണ,അനൂപ് മേനോന്‍,സുദേവ് നായര്‍ എന്നിവര്‍ അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വിട്ടിരുന്നു.
ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അമ്പതിലധികം നടീ നടന്മാരാണ് വിവിധ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചരിത്രത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന ചിത്രം ഒരു ബിഗ് ബജറ്റ് ചിത്രമായേക്കും.