വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനും അവയെപ്പറ്റി കേരളത്തിനകത്തും പുറത്തും ശാസ്ത്രീയമായ അവബോധം വളർത്താനും നേതൃത്വം വഹിച്ച ശാസ്ത്രജ്ഞയാണ് ഡോ.ശോശാമ്മ ഐപ്പ്.
പത്മശ്രീ പുരസ്കാരം നിറവിൽ വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച 33 വർഷങ്ങൾ ഓർത്തെടുക്കുകയാണ് ഡോക്ടർ ശോശാമ്മ ഐപ്പ്.
കേരള കാർഷിക സർവ്വകലാശാലയിൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ ആയിരുന്നു ഈ വഴിയിൽ ശോശാമ്മ ഐപ് തന്റെ പ്രവർത്തനം ആരംഭിച്ചത്.
1950കളിൽ അവരുടെ വീട്ടിലും വെച്ചൂർ പശുക്കളെ വളർത്തിയിരുന്നു.
1989ലാണ് അന്യം നിന്നുപോകുമായിരുന്ന കേരളത്തിലെ തനതു കന്നുകാലികളെ സംരക്ഷിക്കാനുള്ള പ്രവർത്തനം ഇവർ ആരംഭം കുറിച്ചത്.കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത വെച്ചൂരിലാണ് ഈ പശുക്കൾ ഉരുത്തിരിഞ്ഞത്. ഇവയുടെ സംരക്ഷണത്തിനായുള്ള വെച്ചൂർ പശു സംരക്ഷണ ട്രസ്റ്റിന്റെ മാനേജിങ്ങ് ട്രസ്റ്റി കൂടിയാണിവർ.
റവന്യൂ മന്ത്രി കെ രാജനും ജില്ലാ കളക്ടർ ഹരിത വി കുമാർ ഉം അനുമോദനങ്ങൾ അർപ്പിക്കുന്നതിനായി വീട്ടിലേക്കു എത്തിച്ചേർന്നിരുന്നു.
പത്മശ്രീ അവാർഡ് ലഭിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയും ഒപ്പം നമ്മുടെ നാടിന്റെ തനതായ എല്ലാം കാത്ത് സംരക്ഷികേണ്ടതിന്റെ ആവശ്യകതയും ആണ് അവർ പുതുതലമുറയ്ക്ക് പകർന്നു നൽകുന്നത്. വെച്ചുർ പശുവിന്റെ സംരക്ഷണത്തിൽ മാത്രം ഒതുങ്ങിയില്ല അവരുടെ പ്രവർത്തനങ്ങൾ.
കാസർകോഡിന്റെ തനതു ജനുസായ കാസർകോഡ് പശുവിനെയും കോട്ടയത്തെ ചെറുവള്ളി പ്രദേശത്തുള്ള ചെറുവള്ളിപ്പശുവിനെയും സംരക്ഷിക്കാൻ അവർ മുൻകയ്യെടുത്തു. കുട്ടനാടൻ ചാര-ചെമ്പല്ലി താറാവുകളുടെയും അങ്കമാലി പന്നിയുടെയും സംരക്ഷണത്തിനായും അവർ പ്രവർത്തിച്ചു.
ലോക ഭക്ഷ്യ കാർഷിക സംഘടനയുടെയും ഐക്യരാഷ്ട്ര സംഘടനയുടെ വികസന പ്രൊജക്ടിന്റെയും (യു. എൻ. ഇ. പി)അംഗീകാരം ഇവരെ തേടിയെത്തിയിട്ടുണ്ട് ഇപ്പോൾ മണ്ണുത്തിയിൽ ഇന്ദിരാനഗറിൽ ആണ് താമസം. കാർഷിക സർവ്വകലാശാലയിലെ റിട്ട. പ്രൊഫസ്സർ ഡോ. എബ്രഹാം വർക്കിയാണ് ഭർത്താവ്.