കോട്ടയം ജില്ലയിലെ (കേരളം, ഇന്ത്യ) ചരിത്ര പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ കൃഷ്‌ണപക്ഷത്തിൽ ആരംഭിക്കുന്ന പ്രധാന ഉത്സവമാണ് വൈക്കത്തഷ്ടമി. ഉത്സവത്തിന്റെ സമാപനം അഷ്ടമി ദിനത്തിലായതിനാലാണ് ആ പേരു സിദ്ധിച്ചത്. ഈ ദിവസം രാത്രി വൈക്കം ശ്രീ മഹാദേവനെ പുറത്തേക്ക് എഴുന്നള്ളിക്കുകയും. സമീപക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളും ഈ ഘോഷയാത്രയിൽ പങ്കു ചേർന്ന് കൂടിയെഴുന്നള്ളുകയും ചെയ്യുന്നു. 12 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണിത്.
അഷ്ടമി ഉത്സവത്തിന് വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം സുബ്രമണ്യ ക്ഷേത്രത്തിൽവച്ചാണ് നടത്തുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള കൂടിയെഴുന്നള്ളത്ത്, അഷ്ടമിഎഴുന്നള്ളത്ത്, പഞ്ചവാദ്യം എന്നിവ പ്രസിദ്ധമാണ്. അഷ്ടമി ദിവസം ഉദയനാപുരം, വൈക്കം എന്നിവിടങ്ങളിലെ ദേവന്മാരുടെ എഴുന്നള്ളത്ത് അനേകം ഭക്തന്മാരെ ആകർഷിക്കുന്നു.
ഐതിഹ്യം
വൈക്കം ക്ഷേത്രം, പടിഞ്ഞാറേ ഗോപുരത്തിനുമുൻപിൽ നിന്നുള്ള ദൃശ്യം
വൃശ്ചിക മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അഷ്ടമിയാണിത്. ഈ ദിവസം ശിവൻ ശ്രീ പരമേശ്വരരൂപത്തിൽ ജഗദ് ജനനിയായ പാർവ്വതിദേവിയുമായി വ്യാഘ്രപാദമഹർഷിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട്, അനുഗ്രഹങ്ങൾ നൽകി എന്നാണ് ഐതിഹ്യം. ലോകപ്രസിദ്ധമായ വൈക്കത്തഷ്ടമി ഇതിന്റെ ഓർമ്മക്കായി ആഘോഷിക്കുന്നു. നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ വൈക്കം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശിവന്റെ പുത്രൻ ഉദയനാപുരം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ സുബ്രമണ്യനാണ് വിശ്വസിക്കപ്പെടുന്നു . അതിനാൽ അഷ്ടമിനാളിലെ ഈ ക്ഷേത്രേശന്മാരുടെ കൂടിയെഴുന്നള്ളത്ത് പിതുപുത്ര-സമാഗമമായി കണക്കാക്കുകയും ഇതു ദർശിക്കാൻ നിരവധി ജനങ്ങൾ വൈക്കം ക്ഷേത്രത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു.
പുരാതന സംസ്കൃത പുസ്തകങ്ങൾ ആയ ഭാർഗ്ഗവ പുരാണവും സനൽകുമാര സംഹിതയും പറയുന്നത് ,ഈ സ്ഥലം വ്യാഘ്ര ഗേഹം അല്ലെങ്കിൽ വ്യാഘ്രപുരം എന്ന് അറിയപ്പെട്ടിരുന്നു എന്നാണ്. വ്യാഘ്രപാദ മഹർഷിക്കു ശിവ ദർശനം കിട്ടിയത് ഈ സ്ഥലത്തു വച്ചാണെന്നും പറയപ്പെടുന്നു.അതിനാൽ വ്യാഘ്രപാദപുരം എന്നും ഈ സ്ഥലം അറിയപ്പെട്ടിരുന്നു.പിന്നീട് തമിഴ് ഭാഷ പ്രചരിച്ചപ്പോൾ അതു ‘വൈക്കം’ എന്നു മാറിയതാവാം എന്നാണ് ഐതിഹ്യം.
ബ്രാഹ്മണ സമൂഹ സന്ധ്യാവേല
വൈക്കത്തഷ്ടമിക്കു മുന്നോടിയായി പ്രദേശത്തെ ബ്രാഹ്മണ സമുദായങ്ങൾ വൈക്കത്തപ്പന് സമർപ്പിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ വഴിപാട് ആണ് സമൂഹ സന്ധ്യാവേല. വൈക്കം സമൂഹം, വടയാർ സമൂഹം, തെലുങ്ക് സമൂഹം, ആര്യ സമൂഹം, തമിഴ് വിശ്വബ്രഹ്മ സമൂഹം (ഗോൾഡ് സ്മിത്ത് വിഭാഗം ) എന്നീ വിഭാഗങ്ങളാണ് ഇതു നടത്തുന്നത്. തമിഴ് വിശ്വബ്രഹ്മ സമൂഹം നടത്തുന്ന സന്ധ്യാ വേലയാണ് ഏറ്റവും പ്രാധാന്യം.
അഷ്ടമി ഉത്സവം
അഷ്ടമി കൊടിയേറ്റ്
അഷ്ടമി ഉത്സവാഘോഷയാത്രയുടെ അവസാനത്തിൽ വൈക്കത്തേയും ഉദയനാപുരത്തേയും എഴുന്നള്ളിച്ചിട്ടുള്ള ആനകൾ “മനസ്സില്ലാ മനസോടെ ” യാത്ര ചോദിക്കുന്ന ഹൃദയ സ്പർശിയായ രംഗം പിതു-പുത്ര ബന്ധത്തെ അനുസ്മരിപ്പിക്കുന്നതാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിപുലമായ സദ്യ ഉണ്ടാകാറുണ്ട്. ഈ പന്ത്രണ്ടു ദിവസത്തെ ശുദ്ധമായ ശിവസ്തുതിയും വൈക്കത്തപ്പനെ തൊഴുതു പ്രാർത്ഥിക്കലും പുണ്യമായി കരുതപ്പെടുന്നു. വൃശ്ചിക മാസത്തിലും കുംഭ മാസത്തിലും അഷ്ടമിനാൾ ഉദയനാപുരത്തപ്പനെ എഴുന്നള്ളിച്ച് വൈക്കം പെരുംതൃക്കാവിലേക്ക് കൊണ്ടുവരാറുണ്ട്.
അതുപോലെ പണ്ടു കാലത്ത് ഉദയനാപുരത്തെ ഉത്സവകാലത്ത് വൈക്കത്തപ്പനെ എഴുന്നള്ളിച്ച് അങ്ങോട്ടും കൊണ്ടുപോയിരുന്നു. എന്നാൽ ഒരു തവണ ഊരാണ്മക്കാരിൽ ചിലർ എതിർത്തു.അതു വകവയ്ക്കാതെ മറുഭാഗക്കാർ എഴുന്നള്ളിപ്പിച്ചു.എഴുന്നള്ളത്ത് വടക്കേ ഗോപുരത്തിനു പുറത്തായപ്പോൾ വിരോധികൾ, എഴുന്നള്ളിച്ച ആനയുടെ തുമ്പിക്കൈ വെട്ടി മുറിച്ചു.അങ്ങനെ രണ്ടു ഭാഗക്കാരും തമ്മിൽ കലശലായ ലഹള ആയതിനെത്തുടർന്നു ആ പ്രാവശ്യം വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പ് ഉണ്ടായില്ല. അന്നു മുതൽ ആ പതിവ് നിർത്തലാക്കിയതായി പറയപ്പെടുന്നു.
ഋഷഭവാഹനം
അഷ്ടമി ഉത്സവത്തിന്റെ ഏഴാംനാളിലാണ് പ്രശസ്തവും അതിമനോഹരവുമായ ഋഷഭവാഹനം എഴുന്നള്ളിപ്പ്. അന്ന്, ഭഗവാൻ തന്റെ വാഹനമായ നന്ദിയുടെ പുറത്ത് എഴുന്നള്ളി ഭക്തർക്ക് ദർശനം നൽകുന്നുവെന്നതാണ് വിശ്വാസം. രാത്രി അത്താഴപൂജയും ശ്രീബലിയും ശ്രീഭൂതബലിയും കഴിഞ്ഞ് പതിനൊന്നരയോടെയാണ് ഋഷഭവാഹനത്തിൽ വിളക്കിനെഴുന്നള്ളുന്നത്. സാധാരണ പോലെ ആനപ്പുറത്തെഴുന്നള്ളിക്കുന്നതിന് പകരം കൂറ്റൻ വെള്ളിക്കാളപ്പുറത്ത്, വൈക്കത്തപ്പന്റെ തങ്കവിഗ്രഹം ആടയാഭരണങ്ങൾ, തങ്കനിർമ്മിതമായ ചന്ദ്രക്കല, ഉദരബന്ധം, കട്ടിമാലകൾ, പൂമാലകൾ എന്നിവകൊണ്ട് അലങ്കരിച്ച്, അവകാശികളായ നാല്പതോളം മൂസ്സതുമാർ ചേർന്ന് മുളംതണ്ടിലേറ്റിയാണ് എഴുന്നള്ളിക്കുന്നത്. എഴുന്നള്ളത്തിന് നെറ്റിപ്പട്ടം കെട്ടിയ ഒൻപതാനകൾ അകമ്പടിയാകുമ്പോൾ അതിൽ രണ്ടാനകൾക്ക് സ്വർണ്ണത്തിൽ തീർത്ത നെറ്റിപ്പട്ടമാവും അണിയിക്കുക. രണ്ട് തങ്കക്കുടകളും ആലവട്ടവും വെൺചാമരമടക്കമുള്ള മുന്തിയ ആനച്ചമയങ്ങളുമുണ്ടാകും. തെക്കേമുറ്റത്ത് എഴുന്നള്ളി നിൽക്കുമ്പോൾ പ്രദക്ഷിണ വഴിയിൽ ദീപങ്ങൾ നിരക്കും. ഏഴ് പ്രദക്ഷിണങ്ങളുള്ളതിൽ ഓരോന്നിനും ഓരോ തരം വാദ്യങ്ങളാണുപയോഗിക്കുക. അഷ്ടമിയുടെ ഏറ്റവും ആർഭാടപൂർണ്ണമായ എഴുന്നള്ളിപ്പാണിത്.
അഷ്ടമി ദർശനം
പ്രസിദ്ധമായ വൈക്കത്തഷ്ടമി ദർശനം അന്നേ ദിവസം വെളുപ്പിനു നാലര മുതൽ ആരംഭിക്കുന്നു. ക്ഷേത്രത്തിന്റെ കിഴക്കേ ആൽച്ചുവട്ടിൽ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹർഷിക്കു പത്നീസമേതനായി ഭഗവാൻ ശ്രീപരമശിവൻ ദർശനം നൽകി അനുഗ്രഹിച്ചുവത്രേ, ആ പുണ്യമുഹൂർത്തത്തിലാണ് അഷ്ടമിദർശനം നടത്തുന്നത്.
ഉദയനാപുരം ക്ഷേത്രം
വൈക്കത്തുനിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി എറണാകുളം റോഡിന്റെ സമീപത്ത് സ്ഥിതിചെയ്യുന്ന സുപ്രസിദ്ധക്ഷേത്രമാണ് ഉദയനാപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രം. ഐതിഹ്യപ്രകാരം കോട്ടയത്തിനടുത്തുള്ള കുമാരനല്ലൂരിൽ കുടികൊള്ളേണ്ടിയിരുന്ന സുബ്രഹ്മണ്യനും ഉദയനാപുരത്ത് കുടികൊള്ളേണ്ടിയിരുന്ന ഭഗവതിയും പരസ്പരം സ്ഥലം മാറിപ്പോയതാണ്. കേരളീയ ക്ഷേത്രനിർമ്മാണശൈലിയുടെ മകുടോദാഹരണായ ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ സുബ്രഹ്മണ്യസ്വാമി വൈക്കത്തപ്പന്റെ മകനാണെന്ന് വിശ്വസിച്ചുവരുന്നു. ഇരുഭാഗത്തുമുള്ള ഗോപുരങ്ങൾ, ആനക്കൊട്ടിൽ, ശീവേലിപ്പുര, കൊടിമരം, ചതുരാകൃതിയിൽ രണ്ടുനിലയിൽ തീർത്ത ശ്രീകോവിൽ എന്നിവ ക്ഷേത്രത്തിന്റെ പ്രൗഢി കൂട്ടുന്നു. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന സുബ്രഹ്മണ്യന് ഉപദേവതകളായി ഗണപതിയും ദക്ഷിണാമൂർത്തിയുമുണ്ട്. വൃശ്ചികമാസത്തിൽ രോഹിണി ആറാട്ടായി ക്ഷേത്രത്തിൽ ഉത്സവമുണ്ട്. ഇതിനോടനുബന്ധിച്ചും വൈക്കത്തഷ്ടമിയ്ക്കും ഉദയനാപുരത്തപ്പൻ പിതാവായ ശിവനെ കാണാൻ വൈക്കത്തെത്തുന്നുണ്ട്. രോഹിണിനാളിൽ സന്ധ്യയ്ക്കുള്ള കൂടിപ്പൂജ പ്രസിദ്ധമാണ്. ഉത്സവത്തെക്കൂടാതെ തൈപ്പൂയം, സ്കന്ദഷഷ്ഠി എന്നിവയും ക്ഷേത്രത്തിലെ വിശേഷദിവസങ്ങളാണ്.
അഷ്ടമി വിളക്കും ഉദയനാപുരത്തപ്പന്റെ എഴുന്നള്ളത്തും
ഉദയനാപുരത്തപ്പന്റെ വരവാണ് അഷ്ടമി വിളക്കിലെ പ്രധാന ചടങ്ങ്. ഇതു രാത്രിയാണ് നടത്തുന്നത്. പുലർച്ചെ ഉദയനാപുരത്തപ്പനെ യാത്രയയപ്പ് നടത്തുകയും ചെയ്യുന്നു. ഉദയനാപുരം ക്ഷേത്രത്തിൽ നിന്നും മഹാദേവക്ഷേത്രത്തിലേക്ക് ആഘോഷപൂർവമായ വരവ് നടക്കും. താരകാസുരനെ കൊന്ന് വിജയ ശ്രീലാളിതാനായെത്തുന്ന ദേവസേനാപതിയായ സുബ്രഹ്മണ്യനെ അച്ഛനായ വൈക്കത്തപ്പനും ഉപദേവതമാരും ചേർന്നു സ്വീകരിക്കുന്നു എന്ന സങ്കൽപത്തിലാണ് ഈ ചടങ്ങ് നടത്തുന്നത്. വൈക്കത്തെ വലിയ കവല മുതൽ നിലവിളക്കുകൾ കത്തിച്ചുവച്ചും പൂക്കൾ വിതറിയുമാണ് ഉദയനാപുരത്തപ്പനെ ഭക്തജ-നങ്ങൾ എതിരേൽക്കുന്നത്.
വലിയ കാണിക്ക
അഷ്ടമിക്ക് എഴുന്നള്ളി നിൽക്കുന്ന വൈക്കത്ത് പെരുംതൃക്കോവിലപ്പന് ആദ്യമായി കാണിക്ക അർപ്പിക്കാനുള്ള അവകാശം കല്പിച്ച് അനുവദിച്ചിട്ടുള്ളത് കറുകയിൽ കൈമൾക്കാണ്. പാരമ്പര്യത്തിന്റെ സ്മരണയുമായി കറുകയിൽ കൈമൾ വലിയ കാണിക്ക സമർപ്പിക്കുന്നതോടെ മറ്റുള്ളവർക്ക് കാണിക്ക അർപ്പിക്കാം. കറുകയിൽ കൈമൾ പല്ലക്കിലേറിയാണ് കാണിക്ക അർപ്പിക്കാൻ വരുന്നത്. വൈക്കത്തപ്പന്റെ തിരുമുൻപിൽ പ്രഭുത്വം കാണിച്ചുവരുന്ന കൈമളുടെ പാപം ഇല്ലാതാക്കാൻ ആക്ഷേപിച്ച് അയക്കാറുള്ളതും വളരെ പ്രത്യേകതയുള്ളതാണ്. ദർശനം ആരംഭിച്ചു കഴിഞ്ഞാണ് ഉദയനാപുരത്തപ്പന്റെ വരവ് ആരംഭിക്കുന്നത്.
വിട പറച്ചിൽ
ശൂരപത്മാസുരനെയും താരകാസുരനെയും നിഗ്രഹിച്ചതിനു ശേഷമെത്തുന്ന മകനെ വാദ്യാഘാഷങ്ങളോടും അലങ്കാരങ്ങളോടും കൂടി എതിരേൽക്കുന്നു. കൂടാതെ ചുറ്റുമുള്ള ക്ഷേത്രങ്ങളിലെ ഭഗവതിമാരെയും സ്വീകരിക്കുന്നു. തുടർന്ന് “വലിയ കാണിക്ക” ആരംഭിക്കുന്നു. കറുകയിൽ വലിയ കൈമളുടെ കാണിക്കയാണാദ്യം. തുടർന്ന് മറ്റാളുകളും കാണിക്കയിടുന്നു. തുടർന്ന് ഉദയനാപുരത്തപ്പന്റെ ഹൃദയസ്പൃക്കായ വിടവാങ്ങൽ നടക്കുന്നു. അകമ്പടിയായി ആ സമയത്ത് വാദ്യങ്ങൾ ഉണ്ടാകാറില്ല. അഥവാ ഉണ്ടെങ്കിൽത്തന്നെയും ശോകമൂകമായിരിക്കും ആ സംഗീതം. ഉദയനാപുരത്തപ്പൻ യാത്രപറയുന്ന ചടങ്ങിനെ “വിട പറച്ചിൽ” എന്നാണ് പറയുക. അഷ്ടമി വിളക്കിന്റെ അവസാനം ശിവപെരുമാൾ ശ്രീകോവിലിലേക്കും മകൻ ഉദയനാപുരത്തേക്കും എഴുന്നെള്ളുന്നു. ജഗദീശ്വരനായിട്ടുപോലും പുത്രനായ സുബ്രഹ്മണ്യനെപ്പറ്റിയോർത്ത് ദുഃഖിതനായാണ് ശിവന്റെ മടക്കം.
ആറാട്ട്
അഷ്ടമിയുടെ പിറ്റേദിവസമാണ് ആറാട്ട്. ഇതിന് വിശേഷാൽ പ്രാധാന്യമൊന്നുമുണ്ടാകില്ല. ഉദയനാപുരം ക്ഷേത്രക്കുളത്തിലാണ് ആറാട്ട് നടക്കുന്നത്. ആറാട്ടുകഴിഞ്ഞ് എഴുന്നള്ളുന്ന ഭഗവാന് മുക്കുടി നേദിയ്ക്കുന്നത് അതിവിശേഷമാണ്. വെള്ളാടു നമ്പൂതിരിയാണ് മുക്കുടി തയ്യാറാക്കുന്നത്.
മുക്കുടി നിവേദ്യം
ആറാട്ടിന്റെ പിറ്റേദിവസം, അഷ്ടവൈദ്യരിൽ പെട്ട വെള്ളാട്ടില്ലത്തെ മൂസത് നമ്പൂരി ഔഷധക്കൂട്ടുകൾ അടങ്ങിയ പച്ചമരുന്നുകൾ അരച്ചുരുട്ടി ശ്രീകോവിലിൽ സമർപ്പിക്കുകയും ശാന്തിക്കാരൻ അതെടുത്ത് മുക്കുടിയുണ്ടാക്കി പന്തീരടിപ്പൂജക്ക് ദേവനു നിവേദിച്ചതിനു ശേഷം ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുന്നു. ഇതാണ് “മുക്കുടി നിവേദ്യം” എന്നറിയപ്പെടുന്നത്. ഇത് ഉദരരോഗങ്ങൾക്ക് നല്ല ഔഷധമാണെന്നാണ് വിശ്വാസം.