ന്യൂഡൽഹി ∙ എയർ ഇന്ത്യയ്ക്കു പിന്നാലെ എൽഐസിയും ഉടൻ സ്വകാര്യവൽക്കരിക്കുമെന്നു കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. 2022–23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. 2022-23ല്‍ 25,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കും. സാമ്പത്തികമുന്നേറ്റം ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന്റെ ശക്തി തെളിയിച്ചു. കോവിഡ് മൂലം ദുരിതം നേരിട്ടവര്‍ക്ക് ധനമന്ത്രി പിന്തുണ പ്രഖ്യാപിച്ചു.
ബജറ്റിന്റെ ലക്ഷ്യം അടുത്ത 25 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് അടിത്തറപാകലാണെന്നും ധനമന്ത്രി പറഞ്ഞു. റോഡ്, റെയില്‍വേ, വിമാനത്താവളം, തുറമുഖങ്ങള്‍ തുടങ്ങി ഏഴ് ഗതാഗത മേഖലകളില്‍ ദ്രുതവികസന കൊണ്ടുവരും. റെയില്‍വേ കാര്‍ഷികോല്‍പന്നങ്ങളുടെ നീക്കത്തിന് നൂതനപദ്ധതികള്‍ നടപ്പാക്കും. ഒരു സ്റ്റേഷന്‍, ഒരു ഉല്‍പ്പന്നം എന്ന തത്വം നടപ്പാക്കും. മലയോര റോഡ് വികസനം വേഗത്തിലാക്കാന്‍ പര്‍വത് മാല പദ്ധതി.
രാഷ്ട്രപതി റാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ബജറ്റ് അവതരണത്തിനായി ധനമന്ത്രി പാർലമെന്റിലെത്തിയത്. ഇത്തവണയും ടാബില്‍ നോക്കിയാണ് ബജറ്റ് അവതരണം. കേന്ദ്രബജറ്റ് ദിവസം ഓഹരി വിപണിയില്‍ ഉണര്‍വുണ്ടായി. സെന്‍സെക്സ് 710 പോയിന്റ് ഉയര്‍ന്നു; നിഫ്റ്റി 190 പോയിന്റ് നേട്ടത്തിൽ.