വർക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ ( 99) സമാധിയായി. വർക്കല ശ്രീ നാരായണ മിഷൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
ഇന്ന് വൈകിട്ട് അഞ്ചിന് സമാധിയിരുത്തും, 1922 ഡിസംബറിലാണ് ജനനം. പിറവന്തൂർ കളത്താരടി തറവാട്ടിലാണ് ജനനം. കുമാരൻ എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. പ്രകാശാനന്ദ പ്രസിഡന്റായിരുന്നപ്പോഴാണ് ശിവഗിരി ബ്രഹ്മ വിദ്യാലയം സ്ഥാപിച്ചത്.
ദീർഘകാലം ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് അധ്യക്ഷനായിരുന്നു സ്വാമി പ്രകാശാനന്ദ. 1995-97 കാലഘട്ടത്തിലും 2006 മുതൽ 2016വരെയും ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിന്റായിരുന്നു. 1970ലും 1977ലും ജനറൽ സെക്രട്ടറിയായി.
ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളിൽ ആകൃഷ്ടനായി ഇരുപത്തിമൂന്നാം വയസിലാണ് പ്രകാശാനന്ദ ശിവഗിരിയിലെത്തുന്നത്. അന്ന് മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയുടെ ശിഷ്യനായാണ് ആധ്യാത്മിക പഠനം തുടങ്ങിയത്. 35-ാം വയസിൽ സന്യാസദീക്ഷ സ്വീകരിച്ചു.