SFI കലാലയങ്ങളിലെ ഫാസിസ്റ്റ് സംഘടനയെന്ന് പറയാൻ AISF നേതാക്കൾക്ക് ഭയം : ABVP

Share

തിരുവനന്തപുരം : എസ്എഫ്ഐ കലാലയങ്ങളിലെ ഫാസിസ്റ്റ് സംഘടനയെന്ന് പറയാൻ
എഐഎസ്എഫ് നേതാക്കൾക്ക് ഭയമാണെന്ന് എബിവിപി സംസ്‌ഥാന സെക്രട്ടറി എം.എം.ഷാജി.

എസ്എഫ്ഐ ഫാസിസത്തിന്റെ അവസാന ഇരയാണ് എംജി സർവകലാശാലയിലെ എഐഎസ്എഫുകാർ.എംജി സർവകലാശാലയിൽ നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐഎസ്എഫ് വനിതാനേതാക്കളെപോലും അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത എസ്എഫ്ഐയുടെ ഗുണ്ടായിസം കലാലയങ്ങളിലെ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.

എന്നാൽ കലാലയങ്ങളിലെ ഫാസിസ്റ്റ് മുഖമായ എസ്എഫ്ഐയുമായി എബിവിപിയെയും ആർഎസ്എസ്സിനെയും താരതമ്യം ചെയ്ത എഐഎസ്എഫ് വനിതാനേതാവിന്റെ പ്രതികരണം അംഗീകരിക്കാനാവില്ലെന്നും, എഐഎസ്എഫ് നേതാക്കൾ വിദ്യാർത്ഥിസംഘടനാ ചരിത്രം പഠിക്കുവാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐ മൃഗീയ ഭൂരിപക്ഷമുള്ള കലാലയങ്ങളിലെല്ലാം മറ്റ് വിദ്യാർത്ഥിപ്രസ്‌ഥാനങ്ങളെ അക്രമിച്ചും കൊലപ്പെടുത്തിയും ഉന്മൂലനം ചെയ്യുന്ന ശൈലിയാണ് പിന്തുടരുന്നത്. എബിവിപി യൂണിയൻ ഭരിക്കുന്ന കലാലയങ്ങളിലെല്ലാം മറ്റ് വിദ്യാർത്ഥി പ്രസ്‌ഥാനങ്ങൾ സ്വാതന്ത്ര്യത്തോടുകൂടി പ്രവർത്തിക്കുന്നുണ്ടെന്നും, കലാലയങ്ങളിലെ എസ്എഫ്ഐ ഫാസിസത്തിനെതിരെ ശബ്ദമുയർത്തുന്നത് എബിവിപിയാണെന്നും വിദ്യാർത്ഥിസംഘടനാ ചരിത്രം പഠിച്ചാൽ എഐഎസ്എഫ് നേതാക്കൾക്ക് മനസിലാക്കാൻ സാധിക്കും.

കലാലയങ്ങളിലെ എസ്എഫ്ഐയുടെ ഫാസിസത്തിനെതിരെ എഐഎസ്എഫ് ഉൾപ്പെടെയുള്ള പ്രസ്‌ഥാനങ്ങൾ മുന്നോട്ട് വരണമെന്നും എബിവിപി സംസ്‌ഥാന സെക്രട്ടറി എം.എം.ഷാജി പറഞ്ഞു.