വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റില്‍ വീണ്ടും പ്രതിയുമായെത്തി തെളിവെടുപ്പ്. സംഭവ സ്ഥലത്ത് കൊലപാതകം നടത്തിയത് പുനരാവിഷ്കരിച്ചു.
അന്വേഷണ സംഘം പ്രതിയുമായെത്തിയ സമയത്ത് രോഷാകുലരായാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ലയത്തില്‍ താമസക്കാരായ പതിനൊന്ന് കുടുബങ്ങള്‍ക്കും പ്രിയപ്പെട്ടതായിരുന്നു മരിച്ച പെണ്‍കുട്ടി.
പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മര്‍ദനമേറ്റ സാഹചര്യവുമുണ്ടായി. ജൂലൈ 13ന് പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും. കൊലപാതകം എങ്ങനെ നടത്തിയെന്നതില്‍ വ്യക്തത വരുത്താനാണ് സംഭവം പുനരാവിഷ്കരിച്ചത്.
കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം അഴിയില്ലാത്ത ജനല്‍ വഴിയാണ് പ്രതി പുറത്തേക്ക് ഇറങ്ങിയത്. മുന്‍ വാതില്‍ അടയ്ക്കുകയും ചെയ്തു. കുട്ടി കളിക്കുന്നതിനിടയില്‍ സംഭവിച്ച സ്വാഭാവിക മരണമെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്.
ശാസ്ത്രീയ തെളിവുകളും ഇനി ശേഖരിക്കേണ്ടതുണ്ട്. അതേസമയം പ്രതി ആദ്യഘത്തിലേതുപോലെ സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. മൂന്നാംതവണയാണ് പ്രതിയുമായെത്തി തെളിവെടുപ്പ് നടത്തുന്നത്.
അതേസമയം കേസിൽ വണ്ടിപ്പെരിയാർ ടൗണിലെ കടയുടമ മുഖ്യ സാക്ഷിയാവും. പെൺകുട്ടിയെ വശത്താക്കാൻ പ്രതി അർജുൻ വണ്ടിപ്പെരിയാർ ടൗണിലെ കടയിൽ നിന്നാണ് അമ്പതും നൂറും രൂപയ്ക്ക് സ്ഥിരമായി മിഠായി വാങ്ങിയിരുന്നത്.
ആഴ്ചയിൽ രണ്ടും മൂന്നും തവണ മിഠായി വാങ്ങിയിരുന്നതായും പെൺകുട്ടി കൊല്ലപ്പെട്ട ദിവസം ഉച്ചയ്ക്ക് 12ന് 50 രൂപയ്ക്ക് മിഠായി വാങ്ങിയിരുന്നതായും കടയുടമ അന്വേഷണ ഉദ്യോഗസ്ഥനായ വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ടി.ഡി. സുനിൽ കുമാറിന് മൊഴി നൽകിയിട്ടുണ്ട്.
ഇന്നലെ തെളിവെടുപ്പിനായി കടയിൽ എത്തിച്ച പ്രതിയെ കടയുടമയും ജീവനക്കാരും തിരിച്ചറിഞ്ഞു. കൊലപാതകത്തിന് ദുക്സാക്ഷികൾ ആരും ഇല്ലാത്തതിനാൽ കടയുടമയുടെ മൊഴി നിർണായകമാണ്.
മൂന്ന് വർഷമായി സ്ഥിരമായി ഇയാൾ കടയിലെത്തി മിഠായി വാങ്ങിയിരുന്നതായും കടയുടമ പൊലീസിനോട് പറഞ്ഞു. മിഠായി നൽകിയാണ് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചെടുത്തതെന്ന് അർജുൻ പൊലീസിനോടും വെളിപ്പെടുത്തി.
പെൺകുട്ടിയുടെ ശരീരത്തിൽ നിന്നും അർജുന്റെ മുടിയിഴകൾ ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതും കേസിന് ബലമാണെന്നാണ് പൊലീസിന്റെ വിശ്വാസം.
കൂടാതെ അർജുൻ പെൺകുട്ടിയെ ബൈക്കിലിരുത്തി വണ്ടിപ്പെരിയാറിലെ സ്വകാര്യ സ്കൂളിൽ കൊണ്ടുവിടുകയും തിരികെ വിളിച്ചുകൊണ്ടുവന്നതായും അന്വേഷണത്തിൽ കണ്ടെത്തി.