ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

Share

26ാമത് ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് കോഴിക്കോട് ജില്ലയില്‍ തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ മധ്യപ്രദേശ് ഒന്നിനെതിരെ 4 ഗോളുകൾക്ക് ഉത്തരാഖണ്ഡിനെ പരാജയപ്പെടുത്തി.

കോർപറേഷൻ സ്റ്റേഡിയത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തുറമുഖവകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ, വനം വകുപ്പു മന്ത്രി എ.കെ ശശീന്ദ്രൻ എന്നിവർ സംബന്ധിച്ചു.

എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ കണ്ണൂര്‍, കോഴിക്കോട് മലപ്പുറം ജില്ലകളിലെ നാല് സ്റ്റേഡിയങ്ങളിലായി ഇന്ന് മുതൽ ഡിസംബര്‍ 9 വരെ നടക്കും.

ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഇ.എം.എസ് സ്റ്റേഡിയം, മെഡിക്കല്‍ കോളേജ് സ്റ്റേഡിയം, കൂത്തുപറമ്പ് സ്റ്റേഡിയം എന്നിവിടങ്ങളിലും സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ഇ.എം.എസ് സ്റ്റേഡിയത്തിലും നടക്കും. രാവിലെ 9.30നും ഉച്ചയ്ക്ക് ശേഷം 2.30 നുമായി ദിവസം രണ്ട് കളിയാണ് നടക്കുക. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.