പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ സാഗി പദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.കേന്ദ്രസർക്കാറിന്റെ ‘സൻസദ് ആദർശ് ഗ്രാമ യോജന’ പദ്ധതി പ്രകാരം രാജ്യസഭാംഗം ശ്രീ ജോൺ ബ്രിട്ടാസ് എംപിയാണ് തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചൽ ഗ്രാമപഞ്ചായത്തിനെ ഏറ്റെടുത്ത് നാമനിർദ്ദേശം ചെയ്തത്.
ഇതുമായി ബന്ധപ്പെട്ടുള്ള പ്രഥമ യോഗം 08.10.2021 വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് പള്ളിച്ചൽ പഞ്ചായത്തിലെ രാജീവ് ഗാന്ധി നാഷണൽ സ്വിമ്മിങ് പൂൾ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വച്ച് നടന്നു.
ശ്രീ ജോൺ ബ്രിട്ടാസ് എംപി, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി റ്റി മല്ലിക, ഗ്രാമ-ബ്ലോക്ക്-ജില്ല പഞ്ചായത്ത് അംഗങ്ങൾ, സാഗി പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലയിലെ ഉദ്യോഗസ്ഥർ, രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
‘സാഗി’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ പദ്ധതി പ്രകാരം ഓരോ പാർലമെൻറ് അംഗത്തിനും ഏതാനും ഗ്രാമപഞ്ചായത്തുകളെ തിരഞ്ഞെടുത്ത് രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന രീതിയിൽ വികസിപ്പിക്കുന്നതിനും പദ്ധതി നിർവഹണത്തിൽ നേരിട്ട് മാർഗ നിർദ്ദേശം നൽകുന്നതിനും കഴിയും.
സാഗി പദ്ധതി പ്രകാരം ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സ്കീമുകളിൽ പ്രത്യേക മുൻഗണന ലഭിക്കും എന്നതിനാലും ജില്ലാ-സംസ്ഥാന-കേന്ദ്ര തലങ്ങളിൽ ഈ പദ്ധതികളുടെ പ്രവർത്തന പുരോഗതി നിരീക്ഷിക്കുവാൻ പ്രത്യേകം കമ്മിറ്റികൾ ഉണ്ടെന്നതിനാലും കാലതാമസം കൂടാതെ തന്നെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിയും.
പള്ളിച്ചൽ ഗ്രാമപഞ്ചായത്തംഗം ശ്രീ. സുനു സി ആർ സ്വാഗതം ആശംസിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റ്റി മല്ലിക അദ്ധ്യക്ഷ പ്രസംഗം നടത്തി. സാഗി പദ്ധതിയിലേക്ക് പള്ളിച്ചൽ ഗ്രാമപഞ്ചായത്തിനെ നാമനിർദേശം ചെയ്തു ഏറ്റെടുത്തതിനു ശ്രീ ജോൺ ബ്രിട്ടാസ് എംപിയെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിക്കുകയും കൂടാതെ പള്ളിച്ചൽ പഞ്ചായത്ത് നിലവിൽ നേരിടുന്ന പരാധീനതകളെക്കുറിച്ചും എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങളാണ് പഞ്ചായത്തിൽ അടിയന്തിരമായി വികസിപ്പിക്കേണ്ടത് എന്നത് സംബന്ധിച്ചും വിശദീകരിക്കുകയും ചെയ്തു.
തുടർന്ന് ശ്രീ ജോൺ ബ്രിട്ടാസ് എംപി പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും സാഗി പദ്ധതിയുടെ സവിശേഷതകളെക്കുറിച്ചും എന്തൊക്കെ വികസനപ്രവർത്തനങ്ങളാണ് പഞ്ചായത്തിന് ഏറ്റെടുക്കാവുന്നത് എന്നത് സംബന്ധിച്ചും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
തുടർന്ന് യോഗത്തിൽ പങ്കെടുത്ത് സംസാരിച്ച ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് അംഗങ്ങളെല്ലാം തന്നെ സാഗി പദ്ധതിയിൽ പള്ളിച്ചൽ ഗ്രാമപഞ്ചായത്തിനെ ഏറ്റെടുത്ത ശ്രീ ജോൺ ബ്രിട്ടാസ് എംപിയുടെ തീരുമാനത്തെ ശ്ലാഘിക്കുകയും വികസനത്തിൽ കക്ഷി രാക്ഷ്ട്രീയഭേദമന്യേയുള്ള പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടർന്ന് യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ പദ്ധതി പ്രവർത്തനങ്ങളെക്കുറിച്ചുള്ള ലഘുവിവരണം നടത്തി. പഞ്ചായത്ത് സെക്രട്ടറി യോഗത്തിൽ നന്ദി രേഖപ്പെടുത്തി.
സാഗി പദ്ധതിയുടെ കീഴിൽ എന്തൊക്കെ വികസന പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ ഏറ്റെടുത്തു നടത്തേണ്ടത് എന്നത് സംബന്ധിച്ച് വിശദമായ ചർച്ച നടത്തി അന്തിമ രൂപരേഖ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാക്കുവാൻ യോഗത്തിൽ തീരുമാനിച്ചു.