പുരുഷന്മാർക്ക് 250 രൂപക്ക് എസി മുറിയിൽ താമസിക്കാം
തിരുവനന്തപുരം: തമ്പാനൂർ ബസ് ടെർമിനലിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി സൗജന്യ താമസമൊരുക്കി വനിതാശിശുക്ഷേമ വകുപ്പ്. രാത്രി സമയങ്ങളിൽ തലസ്ഥാനത്തെന്ന സ്ത്രീകൾക്ക് സുരക്ഷിതമായി കിടക്കാനൊരിടം എന്ന ആശയത്തിലാണ് ഈ സംഭരംഭങ്ങൾ ആരംഭിച്ചിരിക്കുന്നത്. തമ്പാനൂർ ബസ് ടെർമിനലിന്റെ എട്ടാം നിലയിലാണ് ‘കൂട്’ , ‘വൺ ഡേ ഹോം’ എന്നിവ പ്രവർത്തിക്കുന്നത്.
നഗരങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ വാസസ്ഥലം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘എന്റെ കൂട്’ പദ്ധതി 2018 -ൽ അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയാണ് ഉദ്ഘാടനം ചെയ്ത പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്. നഗരത്തിലെത്തുന്ന സ്ത്രീകൾക്കും 12 വയസ്സുവരെയുള്ള കുട്ടികൾക്കും ഈ ഷെൽട്ടറിൽ വൈകുന്നേരം 5 മണി മുതൽ രാവിലെ 7 മണി വരെ സൗജന്യമായി താമസിക്കാം.ബസ് ടെർമിനലിന്റെ എട്ടാം നിലയിലുള്ള ഈ ഷെൽട്ടറിൽ ഒരേ സമയം 50 പേർക്ക് താമസിക്കാം. എയർകണ്ടീഷൻ ചെയ്ത മുറികളും സൗജന്യ ഭക്ഷണവും ലഭ്യമാണ്. കൂടാതെ ഭക്ഷണം പാചകം ചെയ്യാൻ അടുക്കളയും കുളിമുറിയും മുഴുവൻ സമയ സുരക്ഷയും ഇവിടെയുണ്ട്. താമസത്തിനെത്തുന്ന സ്ത്രീകൾക്ക് പുതപ്പും തലയിണയും സോപ്പുകളുമെല്ലാം സൗജന്യമാണ്.
സ്വകാര്യത ആവശ്യമുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്ന ‘എന്റെ വീട്’ പദ്ധതിയും ഇവിടെയുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഈ ഏകദിനവസതി 24 മണിക്കൂറും പ്രവർത്തിക്കും. ഇവിടെ 150 രൂപക്ക് എ സി ഡോർമിറ്ററിയും,സ്വകാര്യത ആവശ്യമുള്ളവർക്ക് 250 രൂപക്ക് ക്യബിക്കിൾസും ലഭ്യമാണ്. വനിതാ ശിശുവികസന സമിതിയും തിരുവനന്തപുരം നഗരസഭയും സംയുക്തമായി ആരംഭിച്ച ഈ സംരംഭത്തിൽ പൂർണ സുരക്ഷ ഉറപ്പ് നൽകുന്നു. യാത്രക്കാരായ പുരുഷന്മാർക്കും 250 രൂപക്ക് എസി മുറിയിൽ 12 മണിക്കൂർ വിശ്രമിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സംരംഭങ്ങൾ ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നഗരത്തിലെത്തി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയേണ്ടി വരുന്നവരെ കുറിച്ചുള്ള ആശങ്കകളിൽ നിന്നാണ് പദ്ധതിക്ക് രൂപം നൽകിയത്. റെയിൽവേ സ്‌റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും അടച്ചിട്ട കടകൾക്ക് മുന്നിലും തങ്ങുന്നവർ പലതരത്തിലുള്ള അക്രമങ്ങൾ നേരിടുന്നു. ഇത്തരം സംഭവങ്ങൾക്ക് അറുതി വരുത്താനാണ് ജില്ലാ ഭരണകൂടത്തിന്റെയും പോലീസ് വകുപ്പിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വകുപ്പ് പദ്ധതിക്ക് തുടക്കമിട്ടത്.