ശബരിമലയിലേ പരമ്പരാഗത കാനനപാത അയ്യപ്പ ഭക്തര്‍ക്കായി തുറന്നു | SABARIMALA

Share

ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാത അയ്യപ്പ ഭക്തര്‍ക്കായി തുറന്നു. എരുമേലി – അഴുതക്കടവ് – ചെറിയനാവട്ടം റോഡാണ് തുറന്നത്. കാനനപാത വഴിയുള്ള തീര്‍ത്ഥാടനം സുഗമമാക്കുന്നതിന് വനം വകുപ്പിന്റെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.  

കോട്ടയം, പെരിയാര്‍ വെസ്റ്റ് വനം ഡിവിഷനുകളിലായി സ്ഥിതി ചെയ്യുന്ന 25.25 കി.മീ ദൂരത്തിലുള്ള ഈ പാതയിലൂടെയുള്ള തീര്‍ത്ഥാടനം സുഗമമാക്കുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥരും 500-റോളം വരുന്ന വാച്ചര്‍മാരുമടങ്ങുന്ന സംഘമാണ്.

ഭക്തര്‍ക്ക് വന്യജീവി അക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, പാതയില്‍ 94 സേവന കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

അടിയന്തര വൈദ്യസഹായത്തിനായി 3 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററും ഒരു കാര്‍ഡിയാക് ഹോസ്പിറ്റലും ആരംഭിച്ചിട്ടുണ്ട്. ഫോറസ്റ്റ് വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള എലിഫന്റ് സ്ക്വാഡും പാതയില്‍ പ്രവര്‍ത്തിക്കുന്നു. ഭക്തരുടെ എണ്ണം എടുക്കുന്നതിനായി മുക്കുഴിയില്‍ ഒരു കൗണ്ടിങ് മെഷീനും സ്ഥാപിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 55 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

കോവിഡ് 19 രോഗവ്യാപന സാധ്യത കണക്കിലെടുത്തു പമ്പയില്‍ നിന്ന് തുടങ്ങുന്ന സ്വാമി അയ്യപ്പന്‍ റോഡ് മാര്‍ഗം മാത്രമായിരുന്നു തുടക്കത്തില്‍ തീര്‍ത്ഥാടനം അനുവദിച്ചിരുന്നത്. ഭക്തരുടെ ബാഹുല്യം കാരണം പിന്നീട് നീലിമല വഴിയുള്ള പരമ്പരാഗത പാതയും തുറന്നു കൊടുക്കുകയുണ്ടായി. ഇപ്പോള്‍ എരുമേലി – അഴുതക്കടവ് – ചെറിയനാവട്ടം റോഡ് കൂടി തുറന്നതോടെ ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരുടെ യാത്ര കൂടുതല്‍ സുഗമമായിരിക്കുകയാണ്.