യുണീക്ക് തണ്ടപ്പേർ സിസ്റ്റം നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും : മന്ത്രി കെ. രാജൻ

Share

യുണീക്ക് തണ്ടപ്പേർ സിസ്റ്റം നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. കായക്കൊടി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഇതോടെ പരമാവധി ഭൂരഹിതരെ ഭൂമിയുടെ ഉടമകളായി മാറ്റാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ആധാര്‍ കേന്ദ്രീകൃത തണ്ടപ്പേര് ഇന്ത്യയില്‍ ആദ്യമായി കേരളം നടപ്പാക്കുന്നതോടെ അനര്‍ഹമായ ഭൂസ്വത്ത് കൈവശം വെക്കുന്നവരെ കണ്ടെത്താനും സാധിക്കും. കേന്ദ്ര ഇലക്ട്രോണിക്സ് വിവര സാങ്കേതികവിദ്യാ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായും മന്ത്രി പറഞ്ഞു. ഭൂപരിഷ്‌കരണ നിയമത്തിലെ കാലാനുസൃതമായ പരിഷ്‌കാരങ്ങളാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്.

അർഹരായ മുഴുവൻ പേർക്കും ഭൂമി നൽകുക എന്നതാണ് റവന്യൂ വകുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. അർഹരായ മുഴുവൻ പേർക്കും കൈവശക്കാർക്കും പട്ടയം നൽകുന്നതിനുള്ള നടപടികൾക്ക് ശ്രദ്ധാപൂർവ്വം സർക്കാർ നേതൃത്വം നൽകും.

അനധികൃതമായി കൈവശംവച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കുന്നതിന് റവന്യൂ വകുപ്പ് സർവ സന്നാഹമാണ്. കൈയേറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും. നാലുവർഷത്തിനുള്ളിൽ ഡിജിറ്റൽ റിസർവേയും പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

സർക്കാരിന്റെ പ്ലാൻ സ്‌കീമിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. നാലര സെന്റ് സ്ഥലത്ത് 1,481 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം ഒരുക്കിയിട്ടുള്ളത്. വില്ലേജ് ഓഫീസർക്കുള്ള പ്രത്യേക മുറി, ഓഫീസ് സംവിധാനം, റെക്കോർഡ് റൂം, ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തിലുള്ളത്.

ചടങ്ങിൽ ഇ.കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നിർമ്മിതി കേന്ദ്രം അസിസ്റ്റന്റ് പ്രൊജക്ട് മാനേജർ ഡെന്നിസ് മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. എഡിഎം സി.മുഹമ്മദ്‌ റഫീഖ്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി, കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷിജിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീന കെ.കെ, വാർഡ് മെമ്പർ കുഞ്ഞബ്ദുള്ള എം.ടി, വടകര റവന്യൂ ഡിവിഷണൽ ഓഫീസർ സി.ബിജു, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.