ഡൽഹി: കൊവിഡ് കാലത്ത് സൗജന്യ റേഷൻ നൽകുന്നതിനുളള പദ്ധതിയാണല്ലോ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന. ഈ പദ്ധതിയനുസരിച്ച് റേഷൻ വിതരണം ചെയ്യുന്ന സ്ഥലങ്ങളിൽ നൽകുന്ന സഞ്ചിയിൽ പ്രധാനമന്ത്രിയുടെ ചിത്രവും ഒപ്പം താമര ചിഹ്‌നവും ഉണ്ടാകണമെന്ന് സംസ്ഥാനങ്ങൾക്ക് കത്തയച്ച് ബിജെപി.
പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിംഗാണ് പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പാർട്ടി ഘടകങ്ങൾക്ക് ഇങ്ങനെ നിർദ്ദേശം നൽകിയത്.റേഷൻ വിതരണം ചെയ്യുന്ന സ്ഥലങ്ങളിൽ പ്രധാനമന്ത്രിയുടെയും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ചിത്രവും ചേർത്ത് ബാനർ കെട്ടണമെന്ന് മുൻപ് പാർട്ടി ആവശ്യപ്പെട്ടിരുന്നു.
ഇതിന് പുറമേയാണ് റേഷൻ കിറ്റിലും ഇവരുടെയും പാർട്ടിയുടെ ചിഹ്നവും സ്ഥാപിക്കാൻ ആവശ്യപ്പെട്ടത്.അഞ്ച് കിലോ ധാന്യമാണ് പദ്ധതിയനുസരിച്ച് വിതരണം ചെയ്യുന്നത്.
നവംബർ വരെയാണ് നിലവിൽ സൗജന്യ റേഷൻ വിതരണം. തീരുമാനം നടപ്പാക്കുന്നതായി പാർട്ടി സംസ്ഥാന അദ്ധ്യക്ഷന്മാർ ഉറപ്പുവരുത്തണമെന്നും ഇതെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലും പ്രചാരണം നൽകണമെന്നും അരുൺ സിംഗ് കത്തിൽ പറയുന്നു.