ഇടമലക്കുടി മുതുവർ ആദിവാസി വിഭാഗത്തിന്റെ പേരിൽ പുതിയ സസ്യം | Cryptocarya muthuvariana | Lauraceae

Share

ഇടുക്കി: പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഇടുക്കി ജില്ലയിലെ ഇടമലക്കുടി ആദിവാസി മേഖലയിൽ നിന്നും മുതുവർ വിഭാഗത്തിന്റെ പേരിൽ പുതിയ ഇനം സസ്യത്തെ ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു. ‘ലോറേസിയേ’ (Lauraceae) എന്ന സസ്യകുടുംബത്തിലെ അംഗമാണ് ഈ പുതിയ സസ്യം.

WhatsApp Image 2021 11 16 at 6.08.32 PM

ഈ സസ്യത്തിന് ‘ക്രിപ്റ്റോകാരിയ മുതുവാരിയാന’(Cryptocarya muthuvariana) എന്നാണ് പേരിട്ടിരിക്കുന്നത്. ഇടമലക്കുടി ആദിവാസികോളനിക്കടുത്തു നിന്നാണ് ഈ സസ്യത്തെ കണ്ടെത്തിയിരിക്കുന്നത്. ‘മുതുവർ’ വിഭാഗത്തിൽപ്പെട്ട ആദിവാസികളാണ് ഈ പ്രദേശത്ത് വസിക്കുന്നത്.

കാട് സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു വിഭാഗമാണ് ആദിവാസികൾ. അവരുടെ മേഖലയിൽ നിന്ന് കണ്ടെത്തിയതു കൊണ്ടും അവരോടുളള ആദരവുമാണ് പുതിയ സസ്യത്തിന് ‘ക്രിപ്റ്റോകാരിയ മുതുവാരിയാന’ എന്ന പേര് കൊടുക്കാൻ കാരണം.

  ഇതാദ്യമായാണ് കേരളത്തിൽ നിന്നും ആദിവാസികളുടെ ബഹുമാനാർത്ഥം ഒരു സസ്യത്തിന് അവരുടെ പേരു കൊടുക്കുന്നത്.  ഏകദേശം പത്ത് മുതൽ പതിനഞ്ച് മീറ്റർ വരെ മാത്രം ഉയരത്തിൽ വളരുന്നതും അധികം വീതിയില്ലാത്തതുമായ ഇലകളുളളതാണ് ഇവ.  

 ഏകദേശം പത്തോളം മരങ്ങൾ മാത്രമാണ് ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുളളത് എന്നത് ഇവയുടെ സംരക്ഷണ പ്രാധാന്യം വെളിപ്പെടുത്തുന്നതാണ്.  ‘ക്രിപ്റ്റോകാരിയ’ എന്ന ജനസിൽപ്പെട്ട ഒൻപതോളം ഇനങ്ങൾ പശ്ചിമഘട്ടത്തിൽ കാണപ്പെടുന്നു.  
WhatsApp Image 2021 11 16 at 6.08.34 PM 2

ഈ മരങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യവും സംരക്ഷണവും ഔഷധമൂല്യങ്ങൾ ഇവയെല്ലാം പഠനവിധേയമാക്കേണ്ടതുണ്ട്. ഇതിന്റെ സംരക്ഷണവും സുസ്ഥിര വിനിയോഗവും തുടങ്ങിയ കാര്യങ്ങളിൽ കേരളസർവകലാശാല സെന്റർ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നു.

WhatsApp Image 2021 11 16 at 6.08.35 PM 2
 കേരളസർവകലാശാല ബോട്ടണി വിഭാഗത്തിലെ മുൻ ഗവേഷകനായ ഡോ.ആർ.ജഗദീശൻ, ബോട്ടണി വിഭാഗം പ്രൊഫസറും സെന്റർ ഫോർ ബയോഡൈവേഴ്സിറ്റി ഡയറക്ടറുമായ ഡോ.എ.ഗംഗാപ്രസാദ്, ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ ഡോ.സാം പി മാത്യു, ഗവേഷകനായ പി സുരേഷ് കുമാർ എന്നിവരാണ് ഈ സസ്യത്തിന്റെ കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്.  

ഫിൻലാൻഡിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ആനൽസ് ഓഫ് ബോട്ടാണിസി ഫെന്നിസി എന്ന ഗവേഷണ ജേർണലിന്റെ 2021 നവംബറിൽ പ്രസിദ്ധീകരിച്ച 58-ാം ലക്കത്തിൽ ഇതിനെ സംബന്ധിച്ച വിശദമായ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.