തൃശൂരിന്റെ പ്രഥമ വനിതാ മേയറായി തിളങ്ങിയ പ്രൊഫ. ആർ ബിന്ദു ഇനി കേരള മന്ത്രിസഭയിൽ

Share

തൃശൂരിന്റെ പ്രഥമ വനിതാ മേയറായി തിളക്കമാർന്ന പ്രവർത്തനം കാഴ്ചവച്ച പ്രൊഫ. ആർ ബിന്ദു ഇനി കേരള മന്ത്രിസഭയിൽ അംഗമാകും. പതിനാറാം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിലാണ്‌ ആർ ബിന്ദു മന്ത്രിയാകുക.

ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായ ആർ ബിന്ദു കന്നിയങ്കത്തിൽ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽനിന്നാണ് നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്.

സിപിഐ എം തൃശൂർ ജില്ലാകമ്മിറ്റി അംഗമാണ്. തൃശൂർ കേരളവർമ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും പ്രിൻസിപ്പൽ ഇൻ ചാർജുമായിരുന്നു. ഈ തസ്തികയിൽനിന്ന് രാജിവച്ചാണ് ഇരിങ്ങാലക്കുടയിൽനിന്ന് ജനവിധി തേടിയത്.

2005–10ലാണ് തൃശൂർ കോർപറേഷനിൽ മേയറായിരുന്നത്. തൃശൂർ നഗരത്തിൽ മാതൃകാപരമായ വികസനം എങ്ങനെ നടപ്പാക്കാമെന്ന്‌ കാണിച്ചുതന്ന നാളുകളായിരുന്നു അത്‌. ആർ ബിന്ദു. തൃശൂർ കോർപ്പറേഷനിലെ ആദ്യ വനിതാ മേയർ. മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള സഹായവിതരണം. തൃശൂർ കോർപറേഷനാണ് ആ പദ്ധതി ആദ്യം നടപ്പാക്കിയത്.

മാടക്കത്തറയിലും വിൽവട്ടത്തുമായി നടപ്പാക്കിയ പുനരധിവാസപദ്ധതികൾ, മാലിന്യനിർമാർജനപദ്ധതി തുടങ്ങി ഒട്ടേറെ വികസനപദ്ധതികൾക്ക് നേതൃത്വം നൽകാനായി. കോളേജ് അധ്യാപകരുടെ സംഘടനയായ എകെപിസിടിഎ സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗമാണ്.

എസ്എഫ്ഐയുടെ സംസ്ഥാന വിദ്യാർഥിനി സബ് കമ്മിറ്റി കൺവീനറായിരുന്ന ബിന്ദു, കലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റംഗമായിരുന്നു. സർവകലാശാലാ സെനറ്റിലും അംഗമായി പ്രവർത്തിച്ചു. സ്കൂൾ വിദ്യാർഥികൾക്കുവേണ്ടി മാതൃഭൂമി വാരിക നടത്തിയ സംസ്ഥാനതല ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ സംസ്ഥാന യൂണിവേഴ്സിറ്റിതലത്തിൽ കലാസാഹിത്യ രംഗങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചു. കഥകളിയിലും ചെറുകഥാ രചനയിലും യൂണിവേഴ്സിറ്റിതലത്തിൽ തുടർച്ചയായി ജേതാവായിരുന്നു.

ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്കൂൾ, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ്, കലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് ഇംഗ്ലീഷ്, ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തിൽ റാങ്കോടുകൂടി ബിരുദാനന്തരബിരുദം, എംഫിൽ, പിഎച്ച്ഡി ബിരുദങ്ങളും നേടിയിട്ടുണ്ട്.

സിപിഐ എം ഇരിങ്ങാലക്കുട ഏരിയാകമ്മിറ്റി അംഗവും ഇരിങ്ങാലക്കുട നാഷണൽ ഹൈസ്കൂൾ മുൻ പ്രധാനാധ്യാപകനുമായ എൻ രാധാകൃഷ്ണനാണ് പിതാവ്, അമ്മ കെ കെ ശാന്തകുമാരി മണലൂർ ഗവ. ഹൈസ്കൂളിലെ പ്രധാന അധ്യാപികയുമായിരുന്നു. എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ ഭാര്യയാണ്. മകൻ വി ഹരികൃഷ്ണണൻ മഞ്ചേരി ജില്ലാ കോടതിയിൽ അഭിഭാഷകനാണ്.