‘എന്റെ തൊഴിൽ എന്റെ അഭിമാനം 2.0’ ലോഗോ എം ബി രാജേഷ് പ്രകാശനം ചെയ്തു

Share

കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് വിജ്ഞാന തൊഴിൽ രംഗത്ത് അവസരമുറപ്പിക്കുന്നതിനായി കേരള നോളെജ് ഇക്കോണമി മിഷൻ നടപ്പിലാക്കുന്ന ‘എന്റെ തൊഴിൽ എന്റെ അഭിമാനം 2.0’ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുമന്ത്രി എം ബി രാജേഷ് നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകലക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ 398 തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ DWMS ൽ രജിസ്റ്റർ ചെയ്തിട്ടുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് നോളെജ് ഇക്കോണമി മിഷന്റെ തൊഴിൽ നൈപുണി പരിശീലനം, ജോബ് ഓറിയന്റേഷൻ, റോബോട്ടിക്ക് ഇന്റർവ്യൂ, ഇംഗ്ലീസ് സ്‌കോർ ടെസ്റ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകിക്കൊണ്ട് വൈജ്ഞാനിക തൊഴിലിലേക്കെത്തിക്കും. പ്ലസ്ടുവാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

റിമോർട്ട് വർക്കുകൾ, ഫ്രീലാൻസ് ജോലികൾ, വർക്ക് ഓൺ ഡിമാൻഡ് ജോലികൾ, പാർട്ട് ടൈം ജോലികൾ ഉൾപ്പെടെ നവലോക തൊഴിലുകൾ കണ്ടെത്തി അവ നേടുന്നതിനാവശ്യമായ പരിശീലനങ്ങൾ തൊഴിലന്വേഷകർക്ക് നൽകുകയും തൊഴിൽസജ്ജരായ ഉദ്യോഗാർഥികളെ പ്രത്യേക തൊഴിൽ മേളകളിലൂടെ തൊഴിലിലേക്കെത്തിക്കുകയും ചെയ്യുന്നു.