കൊടകര കുഴല്‍പ്പണക്കേസിൽ ആര്‍എസ്എസിനെ അനാവശ്യമായി വലിച്ചിഴച്ചു? ബി.ജെ.പിക്കുള്ളില്‍ സംഘര്‍ഷം; അന്വേഷണം ആ ഉന്നത നേതാവിലേക്ക്..

Share

കൊടകര കുഴപ്പണക്കേസ് ബി.ജെ.പിക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തില്‍നിന്ന് കരകയറാനാകാത്ത ബിജെപി സംസ്ഥാന നേതൃത്വത്തിന് കുനില്‍ മേല്‍ കുരുവാണ് കൊടകര കുഴപ്പണക്കേസ്.

അതിനിടെ ചില നേതാക്കളുടെ അവധാനതയില്ലായ്മ കാരണം കൊടകര കുഴല്‍പ്പണക്കേസില്‍ ആര്‍എസ്എസിനെ അനാവശ്യമായി വലിച്ചിഴച്ചെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുന്നതിനാല്‍ സംസ്ഥാന സമിതിയോഗം വിളിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ബി.ജെ.പി നേതൃത്വം ഇപ്പോള്‍.

കെ.ആര്‍.ഉമാകാന്തന്‍ സംഘടനാ സെക്രട്ടറിയായിരുന്ന കാലത്ത് സഹസംഘടനാ സെക്രട്ടറിയായിരുന്നു കെ. സുഭാഷ് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതൃത്വത്തില്‍ നിന്ന് അകന്നുകഴിയുകയാണ്.

ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഏറ്റവും താഴെ തലംവരെ മികച്ച പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധനേടിയയാളാണ് സുഭാഷ്. വിശേഷിച്ച് വടക്കന്‍ കേരളത്തില്‍. ഉമാകാന്തന് പകരം എം.ഗണേശന്‍ സംഘടനാ സെക്രട്ടറിയായപ്പോഴും സുഭാഷിനെ അതേപദവിയില്‍ തന്നെ നിയോഗിച്ചു. എന്നാല്‍ തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം വിട്ടുനില്‍ക്കുകയാണ്. ഗണേശന്‍, സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എന്നിവരുമായുള്ള ഭിന്നതകളാണ് കാരണം.

തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും ശോഭാ സുരേന്ദ്രനും അവരെ അനുകൂലിക്കുന്നവരും അകല്‍ച്ചയില്‍ തന്നെ. ഹെലികോപ്ടര്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോകില്ലെന്ന തുറന്നടിച്ച മുന്‍സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭനെ അനുനയിപ്പിക്കാനും ഒരുശ്രമമവും ഉണ്ടായില്ല. അതേസമയം കൊടകരയിലെ കള്ളപ്പണ കവര്‍ച്ചാ കേസ് ബിജെപിയുടെ സംസ്ഥാനത്തെ ഒരു സുപ്രധാന നേതാവിലേക്ക് നീങ്ങുന്നതായി സൂചന.

നിലവില്‍ പൊലീസ് അന്വേഷിക്കുന്ന എല്ലാ നേതാക്കളുടേയും മൊഴികളില്‍ വ്യക്തത വന്നശേഷം നേതാവിനെ ചോദ്യം ചെയ്യാന്‍ വിളിക്കും എന്നാണ് വിവരം. കവര്‍ച്ച നടക്കുന്നതിന് മുന്‍പുള്ള ഏപ്രില്‍ 3,4 ദിവസങ്ങളില്‍ 22 തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്. ഈ നേതാവിന് കവര്‍ച്ചയില്‍ എന്തെങ്കിലും റോളുണ്ടോ എന്നതിലേക്കാണ് ഇനി അന്വേഷണം നീങ്ങുന്നത്.

ഉന്നത നേതാവിനെ ചോദ്യം ചെയ്യും മുന്‍പ് പൊലീസ് നിയമവിദഗ്ദരുടെ അഭിപ്രായം തേടുമെന്നും വിവരമുണ്ട്. അതേസമയം കൊടകരയിലെ കവര്‍ച്ചാ കേസില്‍ നഷ്ടമായ പണം കണ്ടെത്താന്‍ ബിജെപി നേതാക്കള്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

കൊടകര കേസില്‍ പൊലീസിന് പരാതി ലഭിച്ച് അന്വേഷണം തുടങ്ങിയ അതേസമയത്താണ് ബിജെപി നേതൃത്വം സ്വന്തം നിലയില്‍ നഷ്ടമായ പണം കണ്ടെത്താനായി അന്വേഷണം നടത്തിയതെന്നാണ് സൂചന. കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ പ്രതികളായ രഞ്ജിത്ത്, ദീപക് എന്നിവര്‍ തൃശൂര്‍ ബി ജെ പി ഓഫീസിലെത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

തെരഞ്ഞെടുപ്പിനു ശേഷമാണ് ഇവര്‍ എത്തിയതെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു. ഇവരെ ബി ജെ പി നേതാക്കള്‍ വിളിച്ചു വരുത്തിയതാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി ബിജെപി ഓഫീസിലെ സിസിടിവി ക്യാമറയും പൊലീസ് പരിശോധിക്കും.

പണം കവര്‍ച്ചചെയ്തത് രഞ്ജിത്തും ദീപകുമാണെന്ന് നേതൃത്വം സംശയിച്ചിരുന്നു. സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ചില ബിജെപി നേതാക്കള്‍ കണ്ണൂരില്‍ പോകുകയും ഒരു പ്രതികളില്‍ ഒരാളെ കാണുകയും ചെയ്തിട്ടുണ്ട്.

കുന്നംകുളത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.കെ.അനീഷ് കുമാര്‍ ഈ ദിവസങ്ങളില്‍ തൃശ്ശൂര്‍ നഗരത്തിലുണ്ടായിരുന്നില്ല. എന്നാല്‍ ധര്‍മ്മരാജനടക്കമുള്ളവര്‍ പണവുമായി എത്തിയ ഏപ്രില്‍ രണ്ടിന് അനീഷ് കുമാര്‍ തൃശ്ശൂര്‍ നഗരത്തിലുണ്ടായിരുന്നു.ധര്‍മ്മരാജനും സംഘവും അനീഷ് കുമാറും ഒരേ ടവര്‍ ലൊക്കേഷനില്‍ മൂന്നര മണിക്കൂറോളം ഉണ്ടായിരുന്നു.

അനീഷ് കുമാറും ബിജെപിയുടെ ജില്ലാ നേതാക്കളും നേരം പുലരും വരെ നഗത്തിലുണ്ടാവുകയും ചെയ്തു. തിരഞ്ഞെടുപ്പ് തിരക്കിനിടെ നേതാക്കളുടെ ഈ വരവും പോകും എന്തിനെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

അനീഷ് കുമാറിനെ വിളിച്ചു വരുത്തിയ പൊലീസ് സംഘം അദ്ദേഹത്തില്‍ നിന്നും ഇപ്പോള്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. കൊടകര കേസ് അന്വേഷണത്തിലെ നിര്‍ണായക ദിവസമാണിതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.