കല്ലുവാതുക്കലിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; അനന്തു എന്ന പേരിൽ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികൾ

Share

കൊല്ലം: കാമുകനു വേണ്ടി പ്രസവിച്ചയുടൻ കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചതിനെ തുടർന്ന് കുഞ്ഞ് മരണപ്പെട്ട സംഭവത്തിൽ യുവതി അറസ്റ്റിലായ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. കാമുകനായി വ്യാജ അക്കൗണ്ടിൽ ചാറ്റ് ചെയ്തത് യുവതിയുടെ ബന്ധുക്കളായ ആത്മഹത്യ ചെയ്ത യുവതികൾ തന്നെയെന്ന് പൊലീസ്.

കല്ലുവാതുക്കൽ ഊഴായ്‌ക്കോട് സ്വദേശി രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ഭർത്താവിന്റെ ബന്ധുക്കളായ കല്ലുവാതുക്കൽ മേവനക്കോണം രഞ്ജിത്തിന്റെ ഭാര്യ ആര്യ, രഞ്ജിത്തിന്റെ സഹോദരിയുടെ മകൾ ശ്രുതി എന്ന് വിളിക്കുന്ന ഗ്രീഷ്മ എന്നിവർ ഇത്തിരക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്തത്.

ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ സുഹൃത്താണ് രേഷ്മയെ രണ്ടു യുവതികളും ചേർന്ന് കബളിപ്പിക്കുകയായിരുന്നു എന്ന് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഗ്രീഷ്മ നേരത്തെ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു എന്നും തമാശയ്ക്കാണ് ചെയ്യുന്നതെന്നും പറഞ്ഞിരുന്നു.

അനന്തു എന്ന ഫെയ്സ് ബുക്ക് അക്കൗണ്ട് വഴിയായിരുന്നു ചാറ്റിങ്. സന്ദേശങ്ങൾ അയച്ചതല്ലാതെ ഫോൺ വിളികൾ ഉണ്ടായിട്ടില്ല. ഫോൺ നമ്പർ രേഷ്മ ചോദിച്ചിട്ടും നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു എന്നും സുഹൃത്ത് പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ 26 ന് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നത്. അറസ്റ്റിലായ രേഷ്മയുമായി ഫെയ്‌സ് ബുക്കിൽ കാമുകനെന്ന മട്ടിൽ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത പെൺകുട്ടികളാണോ എന്ന് സംശയമുയർത്തിയായിരുന്നു വാർത്ത.

തമാശ രൂപേണ രേഷ്മയുമായി യുവതികൾ വ്യാജ പ്രൊഫൈൽ വഴി ചങ്ങാത്തം സ്ഥാപിക്കുകയും അതുവഴി രേഷ്മ പ്രണയത്തിലാവുകയുമായിരുന്നിരിക്കാം. ഒരിക്കലും കണ്ടിട്ടില്ല എന്ന് രേഷ്മ പൊലീസിനോട് പറഞ്ഞിരിക്കുന്നതിനാൽ ഇത് ശരിയാവാമെന്നുമായിരുന്നു റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്. ഇത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഗ്രീഷ്മയുടെ സുഹൃത്ത് ഇപ്പോൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

വാർത്തയെ തുടർന്ന് ഈ രീതിയിലും പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനായി രേഷ്മയുടെയും ആത്മഹത്യ ചെയ്ത ആര്യയുടെയും ഗ്രീഷ്മയുടെയും ഫോണുകൾ പൊലീസ് പരിശോധിച്ചിരുന്നു.

പരിശോധനയിൽ ഗ്രീഷ്മ സ്ഥിരമായി സംസാരിച്ചിരുന്ന നമ്പർ കണ്ടെത്തി അന്വേഷിച്ചപ്പോഴാണ് സുഹൃത്തിലേക്ക് എത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ പുറത്ത് വന്നത്. ഇതോടു കൂടി കേസ് അന്വേഷമം പൂർത്തിയാകുകയാണ്.

പൊലീസിന് വലിയ തലവേദന വരുത്തിയ കേസായിരുന്നു ഇത്. കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മയ്ക്ക് കോവിഡും, എല്ലാമറിയാവുന്ന ബന്ധുക്കളായ യുവതികളുടെ ആത്മഹത്യയും പൊലീസിനെ വല്ലാതെ വലച്ചിരുന്നു.

ഒടുവിൽ സത്യം മറനീക്കി പുറത്തു വന്നു. ഇനി ശാസ്ത്രീയമായ രീതിയിൽ കൂടി ഇക്കാര്യം തെളിയിക്കണം. കൂടാതെ രേഷ്മയെ കോവിഡ് മുക്തയായിതിന് ശേഷം വിശദമായി ചോദ്യം ചെയ്യുകയും വേണം. കഴിഞ്ഞ 23 നാണ് നവജാതശിശുവിനെ കൊന്ന കേസിൽ അറസ്റ്റിലായ കല്ലുവാതുക്കൽ ഊഴായ്‌ക്കോട് സ്വദേശി രേഷ്മയുടെ ഭർത്താവിന്റെ ബന്ധുക്കളായ ഗ്രീഷ്മയും ആര്യയും ആത്മഹത്യ ചെയ്തത്.

രേഷ്മയുടെ ഭർത്താവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ, രേഷ്മയുടെ ഭർത്താവിന്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. കഴിഞ്ഞ ജനുവരി അഞ്ചിന് ഊഴായ്‌ക്കോട് ക്ഷേത്രത്തിന് സമീപമുള്ള സുദർനൻപിള്ളയുടെ വീടിന്റെ പറമ്പിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ ഒരു ആൺകുഞ്ഞിനെ കണ്ടെത്തി.

കരിയിലക്കൂട്ടത്തിൽ കിടന്ന ആൺകുഞ്ഞ് അവശനിലയിലായിരുന്നു. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിച്ചു. നരഹത്യക്ക് കേസെടുത്ത പൊലീസ് പ്രദേശത്തെ സ്ത്രീകളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

പക്ഷേ ആറുമാസത്തിനൊടുവിലാണ് കുഞ്ഞിന്റെ അമ്മ സുദർശനൻപിള്ളയുടെ മകൾ രേഷ്മയാണെന്ന് പൊലീസിന് കണ്ടെത്താനായത്. കോടതി അനുമതിയോടെ എട്ടുപേരുടെ രക്തസാംപിളുകൾ ശേഖരിച്ച് പൊലീസ് ഡിഎൻഎ പരിശോധന നടത്തിയാണ് രേഷ്മയാണ് കുഞ്ഞിന്റെ അമ്മയെന്ന് കണ്ടെത്തിയത്.

ഇതേ തുടർന്ന് കഴിഞ്ഞ 22 ന് രേഷ്മയെ പൊലീസ് പിടികൂടി കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. പ്രസവിച്ചയുടൻ എന്തിന് കുഞ്ഞിനെ കൊന്നു എന്ന ചോദ്യത്തിന് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനാണെന്നായിരുന്നു പാരിപ്പള്ളി പൊലീസിന് രേഷ്മ നൽകിയ മൊഴി.

എന്നാൽ രേഷ്മ പറഞ്ഞ കാമുകനെ പൊലീസിന് കണ്ടെത്താനായില്ല. വിവിധങ്ങളായ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചു. ഇതിനിടെയാണ് മരിച്ച ആര്യയുടെ പേരിലുള്ള മൊബൈൽനമ്പർ ഉപയോഗിച്ചുകൊണ്ടാണ് രേഷ്മ ഫേസ്‌ബുക്ക് അക്കൗണ്ട് നിർമ്മിച്ചതെന്ന് കണ്ടെത്തിയത്.

ഇതിന്റെ വിശദാംശങ്ങൾ തേടാനാണ് ആര്യയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ആര്യ ഭർത്താവിന്റെ സഹോദരിയുടെ മകളായ ഗ്രീഷ്മയെയും ഒപ്പം കൂട്ടുകയായിരുന്നു.

എടിഎമ്മിലും കടയിലും ക്ഷേത്രത്തിലുമൊക്കെ പോയ യുവതികൾ വീട്ടിലേക്ക് തിരികെ വന്നില്ല. തുടർന്ന് ആര്യയുടെ ഭർത്താവ് രഞ്ജിത്ത് പാരിപ്പള്ളി പൊലീസിൽ പരാതി നൽകി. ഇവർ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും മൊബൈൽഫോൺ ടവർലൊക്കേഷനും പരിശോധിച്ചപ്പോൾ ഇത്തിക്കരയാറിന് സമീപമാണെന്ന് കണ്ടെത്തി.

തുടർന്ന് പൊലീസും അഗ്‌നിശമനസേനയും പരിശോധന നടത്തുകയായിരുന്നു. ആത്ഹത്യ തന്നെയാണ് പൊലീസ് പറയുന്നത്. ഇതിന് തെളിവായി ആത്മഹത്യകുറിപ്പും പൊലീസിന് ലഭിച്ചു. രേഷ്മയ്‌ക്കെതിരെയാണ് മരിച്ച ആര്യ ആത്മഹത്യകുറിപ്പ് എഴുതിവച്ചിരുന്നത്.