ഗവേഷണങ്ങളിൽ അന്താരാഷ്ട്രനിലവാരത്തോടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വഴി രണ്ട് മികവിന്റെ കേന്ദ്രങ്ങൾക്ക് ജനുവരി 30 ന് തുടക്കമാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു. കേരള നെറ്റ്‌വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷനും സെന്റർ ഓഫ് എക്സലൻസ് ഇൻ ടീച്ചിംഗ് ലേണിംഗ് ആൻഡ് ട്രെയിനിംഗും ഉന്നതവിദ്യാഭ്യാസ കൗൺസിൽ ആസ്ഥാനമായ ശാസ്ത്ര സാങ്കേതിക മ്യൂസിയം സമുച്ചയത്തിൽ 3 മണിക്ക് ഉദ്ഘാടനം ചെയ്യും.
രണ്ടു കേന്ദ്രങ്ങളുടെയും സെമിനാർ ഹാൾ അടക്കം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് ഇതോടെ നിലവിൽ വരും. ഈ മികവിന്റെ കേന്ദ്രങ്ങൾക്ക് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മേഖലാ കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കും. സംസ്ഥാനത്തെ കോളേജുകൾക്കും സർവ്വകലാശാല കേന്ദ്രങ്ങൾക്കും കൂടുതൽ ഗവേഷണ സൗകര്യങ്ങൾ ലഭ്യമാക്കാൻ ‘കേരള നെറ്റ് വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷൻ’ മികവിന്റെ കേന്ദ്രത്തിന് മൂന്ന് റീജിയണൽ സെൻട്രലൈസ്ഡ് ഇൻസ്ട്രുമെന്റേഷൻ ആൻഡ് റിസർച്ച് ലാബുകൾ സ്ഥാപിക്കും. ഒരു മേഖലാ കേന്ദ്രം ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ഉദ്ഘാടനം ചെയ്യും.
കേരള സർവ്വകലാശാലാ പരിധിയിലെയും ഒപ്പംതന്നെ സംസ്ഥാനത്തെ ഗവേഷകർക്കാകെയും ഗവേഷണ പ്രവർത്തനങ്ങൾക്കു വേണ്ട സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കുന്ന നിലയിലാകും മേഖലാ സെൻട്രലൈസ്ഡ് ഇൻസ്ട്രുമെന്റേഷൻ ആൻഡ് റിസർച്ച് ലാബുകളുടെ പ്രവർത്തനം. ഇതിനായി നിലവിൽ സർക്കാർ വനിതാ കോളേജിൽ സെൻട്രലൈസ്ഡ് കോമൺ ഫെസിലിറ്റിയുടെ ഭാഗമായ ആധുനിക ഗവേഷണ സൗകര്യങ്ങൾ റിസർച്ച് നെറ്റ്‌വർക്ക് സപ്പോർട്ട് സെന്ററുമായി ലിങ്ക് ചെയ്ത് സംസ്ഥാനത്തെ മുഴുവൻ ഗവേഷകർക്കും ഉപയോഗപ്രദമാക്കുന്ന രീതിയിൽ സജ്ജീകരിക്കും. സൗകര്യങ്ങൾ പരിപാലിക്കുന്നതിനുള്ള സഹായങ്ങൾ കേരള നെറ്റ് വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷൻ വഴി നൽകും. ഈ മേഖലാകേന്ദ്രത്തിന്റെ ധാരണാപത്രം ഉദ്ഘാടനച്ചടങ്ങിൽ ഒപ്പുവെയ്ക്കും. കണ്ണൂർ സർവ്വകലാശാലയുടെ പയ്യന്നൂർ ക്യാമ്പസിലാണ് മറ്റൊരു ഉപകേന്ദ്രം ആരംഭിക്കാൻ ധാരണയായിട്ടുള്ളത്.