ദില്ലി: ആധാർ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാനായി ബില്ല് വരുന്നു. കള്ളവോട്ട് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ആധാറും തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതെന്ന് കേന്ദ്രസർക്കാർ വിശദീകരിക്കുന്നു.
ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായിരിക്കുന്നത്. പ്രധാന തെരഞ്ഞെടുപ്പ് പരിഷ്‌കരണ ഭേദഗതിക്കും മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നടപ്പ് സമ്മേളനത്തിൽ തന്നെ വോട്ടെടുപ്പ് പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട ബില്ല് കേന്ദ്രം അവതരിപ്പിക്കും.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഒരു വർഷം ഒന്നിലധികം അവസരം നൽകും. വോട്ടെടുപ്പ് പ്രക്രിയ സുതാര്യമാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ അധികാരങ്ങൾ നൽകാനും കള്ളവോട്ട് തടയാനുമാണ് പരിഷ്‌കരണങ്ങൾ.
വോട്ടർ ഐഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതോടെ ഒരാൾക്ക് ഒരിടത്ത് ഒരു വോട്ട് മാത്രമേ ചെയ്യാനാകൂ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പൈലറ്റ് പ്രൊജക്ട് വിജയമാണെന്ന് കണ്ടെത്തിയിരുന്നു.