കണ്ണൂർ : 45 ശതമാനം വരെ അംഗ പരിമിതിയുള്ളവർക്ക് ബസുകളിൽ ഇനിമുതൽ യാത്രാ പാസ്സ് അനുവദിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കണ്ണൂർ ജില്ലയിൽ സംഘടിപ്പിച്ച വാഹനീയം അദാലത്തിൽ തളിപ്പറമ്പ് സ്വദേശിനി സൽമാബിയുടെ അപേക്ഷ പരിഗണിച്ചാണ് മന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. ഇതുവരെ 50 ശതമാനം അംഗപരിമിതിയുള്ളവർക്കായിരുന്നു പാസ് അനുവദിച്ചിരുന്നത്.
ഭർത്താവ് ഫിറോസ് ഖാന് വേണ്ടി ഈ അപേക്ഷയുമായി സൽമാബി കഴിഞ്ഞ ഒന്നര വർഷമായി നിരന്തരം പരിശ്രമിക്കുകയായിരുന്നു. ഗതാഗതമന്ത്രി ആന്റണി രാജു കണ്ണൂരിൽ എത്തുന്നതറിഞ്ഞ് സൽമാബി കണ്ണൂർ ശിക്ഷക് സദനിൽ നടന്ന വാഹനീയം അദാലത്തിൽ പങ്കെടുത്ത് പരാതി നൽകി. സൽമാബി ഭർത്താവ് ഫിറോസ് ഖാന് വേണ്ടി നൽകിയ പരാതിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
പക്ഷാഘാതത്തെ തുടർന്ന് 2017 ലാണ് ഫിറോസ് ഖാന്റെ ശരീരം തളർന്നത്. പരസഹായമില്ലാതെ അദ്ദേഹത്തിന് സഞ്ചരിക്കാനാവില്ല. നിലവിൽ ബ്രഡ് കമ്പനിയിൽ ജോലി ചെയ്യുകയാണ് ഫിറോസ് ഖാൻ. ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിൽ അദാലത്തിൽ എത്തി മന്ത്രി ആന്റണി രാജുവിനെ നേരിൽക്കണ്ടതോടെ പരാതിക്കുള്ള പരിഹാരമായി. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരളത്തിലെ നിരവധി പേർക്ക് ആശ്വാസമേകാൻ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു.