പൾസ് ഓക്സിമീറ്ററിന് പിന്നിലെ രസകരവും വളരെ ലളിതവുമായ സാങ്കേതിക വിദ്യയെക്കുറിച്ച് അറിയാം.. 

Share

⭕ രക്തത്തിലെ ഓക്സിജന്റെ അളവ് കണ്ടുപിടിക്കാൻ സഹായകമായ ഒരു കുഞ്ഞൻ ഉപകരണം ഇപ്പോൾ കോവിഡ് ചികിത്സയിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ച് നിങ്ങൾക്ക് അറിയാമല്ലോ …. അതിന്റെ കൂടുതൽ സാങ്കേതിക വശങ്ങളെക്കുറിച്ച് അറിയാം..

⭕നമ്മുടെ രക്തത്തിൽ ഓക്സിജൻ വാഹകരായി പ്രവർത്തിക്കുന്നത് ഹീമോഗ്ലോബിൻ ആണെന്നറിയാമല്ലോ. അതായത് ഹീമോഗ്ലോബിൻ എന്നത് ഓക്സിജനെ ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് എത്തിക്കാനുള്ള വാഹനം ആണെന്നർത്ഥം. ശ്വാസകോശം ആണ്‌ ഓക്സിജനെ ഈ ഹീമോഗ്ലോബിൻ വണ്ടിയിൽ കയറ്റി വിടുന്നത്.

ഇത്തരത്തിൽ ഓക്സിജൻ ഇല്ലാത്ത കാലി വണ്ടി ആയ ഹീമോഗ്ലോബിൻ ഡീഓക്സി ഹീമോഗ്ലോബിൻ എന്നും ഓക്സിജൻ ഉള്ള ഫുൾ വണ്ടി ആയ ഹീമോഗ്ലോബിൻ ഓക്സി ഹീമോഗ്ലോബിൻ എന്നും അറിയുന്നു.

ശ്വാസകോശവും ഹൃദയവുമൊക്കെ ശരിയായി പ്രവർത്തിച്ചാൽ മാത്രമാണ്‌ ശരിയായ രീതിയിൽ ഓക്സിജനെ ഇതുപോലെ ഹീമോഗ്ലോബിൻ വണ്ടിയിൽ കയറ്റി വിടാൻ പറ്റൂ. കോവിഡ്, ന്യൂമോണിയ പോലെയുള്ള ശ്വാസകോശ രോഗങ്ങൾ ഉണ്ടാകുമ്പൊൾ ഈ പണി താളം തെറ്റും.

ഇതിന്റെ തീവ്രത എത്രമാത്രം ഉണ്ടെന്ന് മനസ്സിലാക്കാനായി ഓക്സിഹീമോഗ്ലോബിൻ രക്തത്തിൽ അതിന്റെ ആവശ്യമായ അളവിൽ ഉണ്ടോ എന്ന് പരിശോധിച്ച് നോക്കിയാൽ മതി. അതിനായി ഉപയോഗിക്കുന്ന ഉപകരണമാണ്‌ പൾസ് ഓക്സിമീറ്റർ.

⭕നേരത്തേ പറഞ്ഞ ഓക്സിജൻ ഇല്ലാത്ത ഹീമോഗ്ലോബിന്റെയും ഓക്സിജൻ ഉള്ള ഹീമോഗ്ലോബിന്റെയും നിറത്തിൽ ഉള്ള വ്യത്യാസം കണ്ടുപിടിച്ചാണ്‌ ഓക്സിജൻ സാന്നിദ്ധ്യം ഈ ഉപകരണം അളക്കുന്നത്.

കുട്ടിക്കാലത്ത് ടോർച്ചിന്റെ മുകളിൽ കൈ വച്ച് അതിലൂടെ ചുവന്ന നിറം കാണുമ്പൊൾ എനിക്ക് ചോര കൂടുതലാണ്‌.. നിനക്ക് കുറവാണെന്നൊക്കെ അനിയത്തിയോട് വഴക്ക് കൂടിയിരുന്നു. ഒരിക്കലെങ്കിലും അത്തരം പരീക്ഷണങ്ങൾ ചെയ്യാത്തവർ കുറവായിരിക്കും. പൾസ് ഓക്സി മീറ്ററും അടിസ്ഥാനപരമായി ഈ തത്വത്തിൽ തന്നെ ആണ്‌ പ്രവർത്തിക്കുന്നത്.

ഇവിടെ ടോർച്ചിനു പകരം ഒരു കുഞ്ഞൻ ലൈറ്റ് സോഴ്സും മറുവശത്ത് ചോരയുടെ ചുവപ്പ് മനസ്സിലാക്കുന്ന നമ്മുടെ കണ്ണിനു പകരം ഒരു ലൈറ്റ് സെൻസറും ആണെന്ന് മാത്രം.

⭕കൂടുതൽ വ്യക്തമായിപ്പറഞ്ഞാൽ വിരലിലോ ചെവിയിലോ ഘടിപ്പിക്കാവുന്ന ഒരു ക്ലിപ്പും ക്ലിപ്പിന്റെ ഒരു വശത്ത് ഒരു ലൈറ്റ് സോഴ്സും മറുവശത്ത് സെൻസറും ഇതിൽ നിന്നുള്ള ഡാറ്റ അനലൈസ് ചെയ്ത് വിവരങ്ങൾ കാണിക്കുന്ന ഒരു ഡിസ്പ്ലേയും അടങ്ങിയ ചെറിയ ഒരു ഉപകരണമാണിത്.

ഇവിടെ ഒരേ സമയം രണ്ട് ലൈറ്റ് സോഴ്സുകൾ ഉപയോഗിക്കുന്നു. ഒന്ന് ചുവന്ന ലൈറ്റും രണ്ടാമത്തേത് ഇൻഫ്രാ റെഡ് ലൈറ്റും. ചുവന്ന ലൈറ്റിനെ ഡീഓക്സി ഹീമോഗ്ലോബിൻ കൂടുതൽ ആയി ആഗിരണം ചെയ്യുമ്പോൾ ഇൻഫ്രാറെഡിനെ ഓക്സി ഹീമോഗ്ലോബിൻ കൂടുതൽ ആയി ആഗിരണം ചെയ്യുന്നു.

സെൻസറിൽ ഇത്തരത്തിൽ രണ്ട് ലൈറ്റ് സോഴ്സുകളിൽ നിന്നും വിരലിലൂടെ കടന്നു വരുന്ന ലൈറ്റിൽ ഓക്സി-ഡീ-ഓക്സി ഹീമോഗ്ലോബിനുകളുടെ അളവിന് ആനുപാതികമായ വ്യതിയാനങ്ങൾ പ്രതിഫലിപ്പിക്കുന്നു. ഇത് ഒരു മൈക്രോ പ്രോസസ്സർ അതിന്റെ കാലിബറേഷൻ ടേബിളുമായി ഒത്തു നോക്കി ഡിസ്പ്ലേയിലൂടെ ഓക്സിജൻ റേഷ്യോയും പൾസുമൊക്കെ കാണിക്കുന്നു.

⭕ആദ്യകാലങ്ങളിൽ വലിയ വിലയായിരുന്നെങ്കിൽ ഇപ്പോൾ ക്ലിനിക്കൽ ഗ്രേഡുള്ലതും അത്യാവശ്യം കൃത്യതയുള്ളതുമൊക്കെയായ ഒരു ചെറിയ ഓക്സി മീറ്റർ 1500-2000 രൂപ വിലയിൽ ലഭ്യമാണ്‌. മിക്കവാറും എല്ലാ ഡോക്ടർമ്മാരും ഉപയോഗിക്കുന്നുമുണ്ട്. ഫിറ്റ്‌‌നസ് ബാൻഡുകളിലൊക്കെ ഇപ്പോൾ ഈ ഫീച്ചർ കൂടി ചേർത്ത് വരുന്നുണ്ട്. പർവ്വതാരോഹകർ പണ്ടുതൊട്ടേ ഉപയോഗിക്കുന്ന ഒന്നാണ്‌ ഓക്സിമീറ്റർ.